കാലപുരുഷന്‍ എന്ന സങ്കല്പം...

ലേഖനം: 115

എസ്. ശ്രീനിവാസ് അയ്യര്‍
അവനി പബ്ലിക്കേഷന്‍സ്
9846023343

വിശ്വാത്മാവായ വിരാട്(ള്‍) പുരുഷനെക്കുറിച്ച് വേദേതിഹാസങ്ങളില്‍ വായിക്കാം. ഈരേഴ് പതിന്നാലുലോകങ്ങളിലും നിറഞ്ഞു നില്‍ക്കുന്ന, പ്രപഞ്ചത്തിന്റെ സര്‍വ്വസ്വത്തെയും--  'അണോരണീയാന്‍ മഹതോമഹീയാന്‍'-- തന്നിലേക്കാവാഹിച്ചു നിര്‍ത്തിയിരിക്കുന്ന ദിവ്യചൈതന്യമാണത്. ഭാവനയുടെ സമുജ്ജ്വലമായ ഒരു ക്യാന്‍വാസില്‍ വരച്ചിട്ട മഹല്‍ച്ചിത്രമെന്നു പറഞ്ഞാല്‍ അനുചിതമാവില്ല! ആ വിശ്വരൂപദര്‍ശനം കണ്ണനുണ്ണി വായ്തുറന്നപ്പോള്‍ അമ്മയായ യശോദ കണ്ടു; പില്‍ക്കാലത്ത് അര്‍ജുനനും കൈവന്നു, ആ അനോപമമായ ജ്ഞാനദര്‍ശനം. വിഷ്ണു സഹസ്രനാമത്തിന്റെ തുടക്കത്തില്‍ പാരായണം ചെയ്യുന്ന മൂന്നുനാല് ധ്യാനശ്ലോകങ്ങളിലൊന്നിലും, 'ഭൂപാദൗ യസ്യനാഭിര്‍ വിയദസുരനില: ചന്ദ്രസൂര്യൗചനേത്രേ..' എന്നാരംഭിക്കുന്ന ധ്യാനശ്ലോകത്തില്‍, ഈ വിശ്വപുരുഷസങ്കല്പം കാണുന്നുണ്ട്. 'ത്രിഭുവനവപുഷം വിഷ്ണുമീശം നമാമി' എന്നാണ് അതിന്റെ സമാപനം. 'സഹസ്രശീര്‍ഷപുരുഷ സഹസ്രാക്ഷ: സഹസ്രപാത്' എന്നാരംഭിക്കുന്ന പുരുഷസൂക്തവും വിശ്വമഹാപുരുഷനായ വിശ്വാത്മാവിനെ കുറിക്കുന്നതാണല്ലോ? ആ സങ്കല്പങ്ങളുടെ ജ്യോതിഷഭാഷ്യമാണ് 'കാലപുരുഷന്‍' എന്ന് പറഞ്ഞാല്‍ തെറ്റില്ല. മഹാകാലമാണ് ജ്യോതിഷത്തിന്റെ അച്ചുതണ്ട്. അതിനെ പന്ത്രണ്ടുരാശികളിലും നിറയുന്ന ഒരു മഹാപുരുഷനായി / കാലപുരുഷനായി (Time Personified) വിഭാവനം ചെയ്തിരിക്കുന്നു.   

'ബൃഹജ്ജാതകം' ഒന്നാമധ്യായത്തില്‍ രാശികള്‍ കാലപുരുഷന്റെ അവയവങ്ങളാണെന്നു പറയുന്നു. 'കാലാംഗാനി..' എന്നാരംഭിക്കുന്ന ശ്ലോകത്തില്‍ മേടംരാശി കാലപുരുഷന്റെ ശിരസ്സാണ് എന്നു വ്യക്തമാക്കുന്നു. ഇടവം മുഖവും, മിഥുനം കഴുത്തും മാറും ചുമലുകളും, കര്‍ക്കടകം ഹൃദയവും ചിങ്ങം ഉദരവും കന്നി വസ്ത്രം മുറുക്കുന്ന ഇടവും തുലാം വസ്തിയും വൃശ്ചികം രഹസ്യഭാഗങ്ങളും ധനുതുടകളും മകരം കാല്‍മുട്ടുകളും കുംഭം കണങ്കാലും മീനം പാദങ്ങളും എന്നാണ് വിവരണം.   

ഇതിന്റെ വ്യക്തതക്കായി ഒരു ആചാര്യന്റെ വ്യാഖ്യാനം നോക്കാം: 'ജനനകാലത്തിങ്കല്‍ ഏതേതു രാശികളിലാണോ ശുഭന്മാരുടെയോ അധിപന്റെയോ യോഗദൃഷ്ട്യാദികള്‍ ഉണ്ടാവുന്നത് അങ്ങനെയുള്ള രാശികള്‍ക്ക് പറഞ്ഞിട്ടുള്ള അവയവങ്ങള്‍ക്ക് പുഷ്ടിയും, പാപന്മാരുടെ യോഗദൃഷ്ടികളുള്ള രാശ്യവയവങ്ങള്‍ക്ക് ബലക്കുറവും രോഗം മുതലായ അനിഷ്ടങ്ങളും ഉണ്ടാവുമെന്ന് പറയണം.'    

ഒരുദാഹരണം ഇവിടെ ഉചിതമായേക്കും. തുലാംലഗ്‌ന ജാതന് /  ജാതയ്ക്ക് ആറാമെടമായ മീനത്തില്‍ പാപഗ്രഹം, രാഹുവോ കേതുവോ ശനിയോ ഒക്കെ നിന്നാല്‍ ആ വ്യക്തിയുടെ പാദങ്ങള്‍ക്ക് വ്രണമോ, മറ്റ് രോഗങ്ങളോ ഉണ്ടെന്ന് മനസ്സിലാക്കാം. കാരണം കാലപുരുഷന്റെ കാലടികളാണല്ലോ മുകളില്‍ വ്യക്തമാക്കിയ നിയമപ്രകാരം മീനംരാശി.

നഷ്ടജാതകം സംബന്ധിച്ച പ്രശ്‌നം നോക്കുമ്പോള്‍ പൃച്ഛകന്‍ പൃച്ഛകാലത്ത് ഏത് അവയവത്തെയാണോ സ്പര്‍ശിക്കുന്നത് ആ രാശിയാണ് ജനിച്ച കൂറെന്ന് പറയാനാവും. അയാള്‍ തലയില്‍ തൊട്ടാല്‍ മേടവും മുഖത്ത് തൊട്ടാല്‍ ഇടവവും എന്നിങ്ങനെ കണക്കാക്കണം.    

ജന്മലഗ്‌നത്തെ ശിരസ്സായും രണ്ടാം ഭാവത്തെ മുഖമായും ക്രമത്തില്‍ സങ്കല്പിച്ചു കൊണ്ടുളള അംഗവിന്യാസവും സംഗതമാണ്. അവിടവിടങ്ങളിലെ ശുഭപാപന്മാരുടെ യോഗവും ദൃഷ്ടിയുമനുസരിച്ച് ഫലം പറയുന്ന രീതിയും അനുവര്‍ത്തിച്ചു പോരുന്നുണ്ട്. ദൈവജ്ഞന്റെ ഗുരുത്വവും സൂക്ഷ്മ ഗ്രഹണപാടവവും ഉന്നതമായ വിവേകശക്തിയും എന്തിലുമെന്നപോലെ ഇക്കാര്യത്തിലും പ്രസക്തമാണ്.   

കാലപുരുഷന്റെ അഥവാ കാലാത്മാവിന്റെ ഭാവങ്ങളും ആചാര്യന്മാര്‍ വിശകലനം ചെയ്യുന്നുണ്ട്. അവിടെ ഗ്രഹങ്ങള്‍ പ്രസക്തമാവുന്നു. കാലപുരുഷന്റെ ആത്മാവ് സൂര്യന്‍, മനസ്സ് ചന്ദ്രന്‍, സത്വഗുണം ചൊവ്വ, വാക്ക് ബുധന്‍, ജ്ഞാനം ഗുരു, കാമം ശുക്രന്‍, ദുഃഖം ശനി എന്നിങ്ങനെയാണ് ഭാവസന്നിവേശം. വ്യക്തിജാതകത്തില്‍ ഗ്രഹങ്ങളുടെ ബലമനുസരിച്ചുള്ള  അനുഭവങ്ങളാവും സംഭവിക്കുക. ബുധന് ബലമുള്ള വ്യക്തി വാദപടുവും വാഗ്മിയും വാക്കുകളുടെ ഉള്‍പ്പൊരുളുകളില്‍ അഭിരമിക്കുന്നവനുമാവും. ദുഃഖകാരകന്‍ ശനിയാണെന്ന് പറയുന്നുണ്ടല്ലോ? അപ്പോള്‍ ഈ തത്ത്വമനുസരിച്ച് അയാള്‍ക്ക് ദുഃഖമുണ്ടാവണമെന്നാണെങ്കില്‍ ആചാര്യന്മാര്‍ അതിനും മറുപടി പറയുന്നുണ്ട്. ശനിബലം ഉള്ള വ്യക്തിക്ക് ദുഃഖനിവൃത്തിയാണ് വരിക. ഒരുപക്ഷേ ദുഃഖസുഖങ്ങളില്‍ ഉലയാത്ത മനപ്പരിപാകം അയാള്‍ ആര്‍ജിക്കുമെന്നാവാം വിവക്ഷ.    

ഈ ചെറുലേഖനം കാലപുരുഷ സങ്കല്പത്തിലേക്കുളള ഒരു കിളിവാതില്‍ മാത്രം. കൂടുതലറിയാന്‍ പഠിതാക്കള്‍ക്ക് ഒരു പ്രേരണ... അത്രമാത്രം!

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

'പുഷ്ടി നല്‍കുന്ന പൂഷാവ് ....'

കരണം എന്നാല്‍