മിഥുന രവി നല്‍കും ഫലങ്ങള്‍.


ലേഖനം: 113
എസ്. ശ്രീനിവാസ് അയ്യര്‍
അവനി പബ്ലിക്കേഷന്‍സ്
9846023343

ജൂണ്‍ 15 ന് പ്രഭാതത്തില്‍ സൂര്യന്‍ മിഥുനരാശിയിലേക്ക് കടക്കുന്നു. അന്നു തന്നെയാണ് മിഥുനമാസം ഒന്നാം തീയതിയും. നീണ്ടമാസമാണ് മിഥുനം, 32 തീയതികളുണ്ട്. പന്ത്രണ്ട് കൂറുകളിലും/ ജന്മരാശികളിലും (ഇരുപത്തിയേഴ് നക്ഷത്രങ്ങളിലും) ജനിച്ചവരുടെ ഒരു മാസക്കാലത്തെ സാമാന്യ ഫലങ്ങളാണ് ഇവിടെ വിവരിക്കുന്നത്.  

മേടക്കൂറിന് (അശ്വതി, ഭരണി, കാര്‍ത്തികക്കാല്‍):-- സൂര്യന്‍ മൂന്നാം രാശിയില്‍ ആകയാല്‍ മനസ്സന്തോഷം ഉണ്ടാകും. സ്ഥാനക്കയറ്റമോ തൊഴില്‍നേട്ടമോ പ്രതീക്ഷിക്കാം. ആരോഗ്യം പുഷ്ടിപ്പെടും. പിന്‍തുണയ്ക്കാനും സഹകരിക്കാനും നല്ലമനുഷ്യര്‍ ഉണ്ടാകും. എതിര്‍പ്പുകളെ അനായാസം മറികടക്കും. ഇഷ്ടഭക്ഷണ യോഗം, സദ്വാര്‍ത്താശ്രവണം എന്നിവയും ഭവിക്കും. 

ഇടവക്കൂറിന്  

(കാര്‍ത്തിക മുക്കാല്‍, രോഹിണി, മകയിരം പകുതി):-- കാര്യസാധ്യത്തിന് അത്യദ്ധ്വാനം ചെയ്യേണ്ടിവരും. കണ്ടുവെന്നോ കേട്ടുവെന്നോ പേരില്‍ ബാഹ്യലോകത്തു നിന്നും ചില സമ്മര്‍ദ്ദങ്ങള്‍ ഉയരാം. നേത്രരോഗം, പല്ലുവേദന എന്നിവ ചില സാധ്യതകളാണ്. ആജ്ഞ നിറയുന്ന വാക്കുകള്‍ ആരെയെങ്കിലും അലോസരപ്പെടുത്താം. അതിന്റെ ചില പ്രതിഫലനങ്ങള്‍ നേരിടേണ്ടിയും വന്നേക്കാം. ബന്ധുക്കള്‍, അമ്മ, സുഹൃത്തുക്കള്‍ എന്നിവരില്‍ നിന്നും സാമ്പത്തിക സഹായം കിട്ടിയേക്കും.      

മിഥുനക്കൂറിന് 

(മകയിരം 3,4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം മുക്കാല്‍):-- ജന്മരാശിയിലാണ് സൂര്യന്‍. ക്ലേശങ്ങള്‍ അല്പം കൂടും. ശാരീരികമായ പ്രയാസങ്ങള്‍ ഉണ്ടായാല്‍ വൈദ്യസഹായത്തിന് അമാന്തിക്കരുത്. യാത്രകള്‍ നേട്ടങ്ങള്‍ നല്‍കിക്കൊള്ളണമെന്നില്ല. അലച്ചില്‍ മിച്ചം എന്നാവും, പലപ്പോഴും. മറ്റാവശ്യങ്ങള്‍ക്കായി കരുതി വെച്ചിരുന്ന ധനം അപ്രതീക്ഷിത ചിലവുകള്‍ക്ക് മാറിപ്പോകാം. സഹോദരരില്‍ നിന്നും പിന്‍തുണയുണ്ടാകും.   

കര്‍ക്കടകക്കൂറിന്  

(പുണര്‍തം നാലാം പാദം, പൂയം, ആയില്യം):-- പന്ത്രണ്ടിലാണ് സൂര്യന്‍. സര്‍ക്കാരില്‍ നിന്നും ആനുകൂല നടപടികളും, സഹായവും പ്രതീക്ഷിച്ചിരിക്കുന്നവര്‍ക്ക് കുറച്ചുകൂടി കാത്തിരിക്കേണ്ടി വരും. സാമ്പത്തികസ്ഥിതി ആശ്വാസകരമാവില്ല. ചെലവുകള്‍ നീയന്ത്രിക്കാനാവാതെ വരും. വെറുതേ സമയം പഴാക്കിയല്ലോ? എന്ന് തോന്നാനിടയുള്ള അനുഭവങ്ങള്‍ ഉണ്ടായേക്കാം. പിതാവിന്റെ ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധവേണം. കുറച്ചുനേട്ടങ്ങളെങ്കിലും കരസ്ഥമാകും.

ചിങ്ങക്കൂറിന്   

(മകം, പൂരം, ഉത്രം ഒന്നാം പാദം):-- സമുന്നത ഫലങ്ങളുണ്ടാകും. ധനവരവേറും. സര്‍ക്കാര്‍ സഹായം സമയോചിതമായി ലഭിക്കും. രാഷ്ട്രീയം, ഭരണം മുതലായ മേഖലകളിലുള്ളവര്‍ക്ക് അധികാരവും പദവികളും വന്നെത്തും. ആത്മവിശ്വാസം വീണ്ടെടുക്കും. രോഗികള്‍ക്ക് ചികിത്സ ഫലിക്കുക, രോഗമുക്തി വരിക എന്നിവയും ഭവിക്കാം. സ്വപിതാവിനും നല്ലകാലമായിരിക്കും. നവസംരംഭങ്ങളില്‍ കൃത്യമായ തീരുമാനമെടുക്കും.   

കന്നിക്കൂറിന്   

(ഉത്രം മുക്കാല്‍, അത്തം, ചിത്തിര ആദ്യ പകുതി):-- പത്താമെടത്താണ് സൂര്യന്‍. കാത്തിരുന്ന പദവികള്‍ ലഭിക്കും. തൊഴിലില്‍ ഉയര്‍ച്ചയും വരുമാനത്തില്‍ വര്‍ദ്ധനവും വരും. വിജയം എന്നത് ഒരു കിട്ടാക്കനിയാണെന്ന തോന്നല്‍ നീങ്ങും. ഭാവിപദ്ധതികള്‍ ആവിഷ്‌ക്കരിക്കും. ആരോഗ്യപരമായും മെച്ചപ്പെട്ട മാസമാണ്. അദ്ധ്വാനം അംഗീകരിക്കപ്പെടും. പുരസ്‌ക്കാരങ്ങള്‍ ലഭിക്കാം.

തുലാക്കൂറിന്   

(ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം മുക്കാല്‍):-- ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ ഒരു നാണയത്തിന്റെ രണ്ടു വശമാണെന്ന് വ്യക്തമാകും. കുറച്ചധികം ക്ലേശിച്ചിട്ടാവും ലക്ഷ്യത്തിലെത്താനാവുക. ചില നിലപാടുകള്‍ മയപ്പെടുത്തേണ്ടി വരാം. മാതാപിതാക്കളുടെ ആരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണ്ട കാലമാണ്. വരവുചെലവുകളുടെ സന്തുലനം അല്പമൊന്ന് ദുര്‍ബലമാവും. പ്രാര്‍ത്ഥനകള്‍ക്ക് ശുഷ്‌ക്കാന്തി കുറയും. എന്നാലും ഒരുവിധം കാര്യങ്ങള്‍ നിയന്ത്രിച്ചു കൊണ്ടുപോവും.    

വൃശ്ചികക്കൂറിന്  

(വിശാഖം നാലാംപാദം, അനിഴം, തൃക്കേട്ട):-- അഷ്ടമസൂര്യനാണ്. കാര്യങ്ങള്‍ കരയ്ക്കടുപ്പിക്കാന്‍ കിണഞ്ഞു പരിശ്രമിക്കേണ്ടതായി വരും. അധികാര സ്ഥാനത്തിരിക്കുന്നവര്‍ക്ക് സ്ഥാനചലന ഭീഷണിയുണ്ടാവാം. ക്ലേശാനുഭവങ്ങള്‍, രോഗം, കാര്യതടസ്സം എന്നിവ പൊതുവേ എട്ടാമെടത്തിന്റെ, അവിടെയിരിക്കുന്ന ഗ്രഹത്തിന്റെ ഫലശ്രുതികളാണ്. ഒപ്പം ചില നേട്ടങ്ങളും സാമ്പത്തികമായ സന്തുലനവും, അംഗീകാരവും പ്രതീക്ഷിക്കാം.   

ധനുക്കൂറിന്  

(മൂലം, പൂരാടം, ഉത്രാടം കാല്‍):-  ഏഴാമെടത്ത് സൂര്യന്‍ വരുമ്പോള്‍ ക്ലേശങ്ങളും വഴിയാത്രയും ഉദരരോഗാദികളുമാണ് ഫലങ്ങളായി ആചാര്യന്മാര്‍ ചൂണ്ടിക്കാട്ടുന്നത്. ഭാഗ്യാധിപന്‍ ഏഴിലാകയാല്‍ ധനാഗമം, കുടുംബസൗഖ്യം, പങ്കുകച്ചവടത്തില്‍ നിന്നുമാദായം എന്നിവയും പ്രതീക്ഷിക്കാം. മനോദൗര്‍ബല്യങ്ങളെ മറികടക്കാനുള്ള പ്രാര്‍ത്ഥന നടത്താനാവും. സദുപദേശങ്ങള്‍ ലഭിക്കും. പൊതുവേ സമ്മിശ്രമായ അനുഭവങ്ങള്‍ ചെയ്യുന്നതിലെല്ലാം വന്നുകൂടാം .    

മകരക്കൂറിന്   

(ഉത്രാടം മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി):-- ആറാമെടത്തെ സൂര്യന്‍ അനുകൂല ഫലദാതാവാണ്. നല്ലകാര്യങ്ങള്‍ തനിക്കും കുടുംബത്തിനും ഭവിക്കും. രോഗികള്‍ക്ക് ചികിത്സകള്‍ ഫലപ്രദമാവും. കടക്കെണിയില്‍ പെട്ടവര്‍ക്ക് ആശ്വസിക്കാന്‍ കാര്യങ്ങളുണ്ടാവും. എതിര്‍പ്പുകളെ നിഷ്പ്രയാസം മറികടക്കും. ദുഃഖം നീങ്ങി സുഖമുണ്ടാവും. മികച്ച പിന്തുണ എല്ലായിടത്തുനിന്നും ലഭിക്കും. പൊതുവേ പറഞ്ഞാല്‍  ജീവിതത്തോടുള്ള ഇഷ്ടം കൂടും.    

കുംഭക്കൂറിന്  

(അവിട്ടം രണ്ടാം പകുതി, ചതയം, പൂരൂരുട്ടാതി മുക്കാല്‍):-- പ്രതിസന്ധികള്‍ക്ക് പോംവഴി തേടും. പ്രവര്‍ത്തനമാന്ദ്യം പരിഹരിക്കാന്‍ ശ്രമിക്കും. ജീവിതശൈലീരോഗങ്ങള്‍ ഇടക്കിടെ കണ്ണുരുട്ടാം. എതിര്‍പക്ഷത്തെ കേള്‍ക്കാന്‍ ക്ഷമയുണ്ടായി എന്നു വരില്ല. ഭാവിയെക്കുറിച്ച് വ്യക്തമായി ആലോചിക്കാനും പദ്ധതികള്‍ ആസൂത്രണം ചെയ്ത് വെക്കാനുമുളള സമയമാണ്. അല്പലാഭങ്ങള്‍ ആശ്വാസമേകും.   

മീനക്കൂറിന്  

(പൂരൂരുട്ടാതി നാലാംപാദം, ഉത്രട്ടാതി, രേവതി):-- ചിന്തയും ആലോചനയുമേറും; കര്‍മ്മവേഗം അല്പം മന്ദീഭവിക്കും. കാര്യസിദ്ധിക്ക് കുറച്ചുകൂടി കാത്തിരിക്കേണ്ടതായി വന്നേക്കും. മാതാപിതാക്കളുടെ ആരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധവേണം. സാമ്പത്തിക ഇടപാടുകളില്‍ കണിശത പുലര്‍ത്താന്‍ ആവുന്നത്ര ശ്രമിക്കും. അവരോഹണങ്ങളും ആരോഹണങ്ങളും ജീവിതത്തിന്റെ ഭാഗമാണെന്ന് ഓര്‍ത്തു പോകും. ഇഷ്ടവാര്‍ത്തകള്‍ കേള്‍ക്കും. ദീര്‍ഘയാത്രകള്‍ വേണ്ടി വരാം.

ആദ്യം വ്യക്തമാക്കിയതുപോലെ ഇത് ഒരുമാസത്തേക്കുള്ള പൊതുഫലം മാത്രമാണ്. മറ്റുഗ്രഹങ്ങളുടെ ഗോചരഫലവും സ്വന്തം ഗ്രഹനിലയനുസരിച്ചുള്ള ദശാപഹാരാദികളും ചേരുമ്പോള്‍ ഈ ഫലം തീരെ അപ്രസക്തമായി എന്നും വരാം...

സൂര്യന്റെ പ്രതികൂലസ്ഥിതിക്ക് സൂര്യഭജനവും ശിവഭജനവുമാണ് ഉത്തമ പ്രായശ്ചിത്തം. ആദിത്യഹൃദയം, ഗായത്രീമന്ത്രം, പഞ്ചാക്ഷരമന്ത്രം, ഞായറാഴ്ച വ്രതം എന്നിവയുടെ സമര്‍പ്പണത്തോടെയുള്ള ജപാനുഷ്ഠാനാദി കര്‍മ്മങ്ങള്‍ ദോഷശാന്തികരങ്ങളും ശ്രേയോവര്‍ദ്ധകങ്ങളുമാണ്. ഞായറാഴ്ച ദിവസം ഉദയം മുതല്‍ ഒരു മണിക്കൂര്‍ കിഴക്കോട്ട് നോക്കി ചെയ്യുന്ന സൂര്യ-ശിവ മന്ത്രജപവും പ്രാര്‍ത്ഥനയും അത്യുത്തമമാകുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

'പുഷ്ടി നല്‍കുന്ന പൂഷാവ് ....'

ഏഴരശനി അഥവാ ഏഴരയാണ്ട് ശനി