എവിടെ താമസിക്കുന്നു?

ലേഖനം: 110

എസ്. ശ്രീനിവാസ് അയ്യര്‍
അവനി പബ്ലിക്കേഷന്‍സ്
9846023343

നമുക്ക് ഭൂമിയിലൊരിടം ഉണ്ട്. ചെറുതോ വലുതോ, സ്വന്തമായതോ അല്ലാത്തതോ ആയ ഒരു പാര്‍പ്പിടം. അതുപോലെ നവഗ്രഹങ്ങളുടെയും രാശികളുടെയും നക്ഷത്രങ്ങളുടെയും നിവാസ/ ആവാസ ഭൂമികള്‍, അവയുടെ സവിശേഷതകള്‍ ഒക്കെ ജ്യോതിഷത്തില്‍ സമഗ്രമായിത്തന്നെ ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ട്. ഈ പ്രകരണത്തില്‍ ഗ്രഹങ്ങളുടെ 'ഇടം' വിശകലനം ചെയ്യപ്പെടുകയാണ്.    

ഗ്രഹങ്ങള്‍ എവിടെ താമസിക്കുന്നു എന്ന ചോദ്യവും അതിനുള്ള ഉത്തരവും പ്രമാണ ഗ്രന്ഥങ്ങളിലുണ്ട്. മിക്ക പണ്ഡിതന്മാര്‍ക്കും ഒരേപക്ഷമാണെങ്കിലും ചെറിയ പക്ഷഭേദങ്ങളുമുണ്ട്. ഗ്രഹങ്ങളുടെ മാനവീയത കൂടുതല്‍ വ്യക്തമാവുന്ന നിരവധി സന്ദര്‍ഭങ്ങളുണ്ട്. അതില്‍ അവയുടെ വാസ - വിഹാരസ്ഥാനവും ശ്രദ്ധേയമാണ്.    

മഹര്‍ഷിയുടെ നിസ്സംഗതയുള്ളയാളാണ് വരാഹമിഹിരന്‍. പരത്തിപ്പറയാന്‍ അദ്ദേഹത്തിന് താത്പര്യമില്ല. വാചാലതയെ, വാവദൂകതയെ അദ്ദേഹം ഒഴിവാക്കും. സന്ന്യാസിയുടെ സംയമമാണ്. മിതാക്ഷരങ്ങള്‍; എന്നാലോ, സാരഗര്‍ഭമായ ആവിഷക്കാരവും. ഇത് 'ബൃഹജ്ജാതകത്തി'ന്റെ ഓരോ ശ്ലോകത്തിലും വായിക്കാം. രണ്ടാം അധ്യായത്തിലെ പന്ത്രണ്ടാം ശ്ലോകത്തിലെ ആദ്യവരിയില്‍ ഗ്രഹങ്ങളുടെ സ്ഥാനങ്ങള്‍ നല്‍കിയിരിക്കുന്നു. ഒരു ഡോക്ടറുടെ കുറിപ്പടി പോലെ അങ്ങേയറ്റം കാര്യമാത്രപ്രസക്തമാണ്.    

'ദേവാംബ്വഗ്നി വിഹാരകോശശയന ക്ഷിത്യുല്‍ക്കരാ: സ്യു: ക്രമാ' -- ഇത്രമാത്രമാണ്, കഴിഞ്ഞു.! സൂര്യാദി സപ്തഗ്രഹങ്ങളുടെയും സ്ഥാനവിവരണം പൂര്‍ത്തിയായി.   

ഇനി വ്യാഖ്യാനത്തിലേക്ക് കടക്കാം. 'ദേവാലയം സൂര്യന്റെയും, വെള്ളമുള്ള സ്ഥലം ചന്ദ്രന്റെയും, തീയുള്ളിടം ചൊവ്വയുടേയും, കളിസ്ഥലം ബുധന്റെയും, (വിഹാരം എന്ന പദത്തിന് ബുദ്ധമതസ്ഥന്മാരുടെ വിഹാരമാണെന്നും ഒരു പക്ഷാന്തരമുണ്ട്), ധനം സൂക്ഷിക്കുന്നേടം വ്യാഴത്തിന്റെയും, കിടപ്പുമുറി ശുക്രന്റെയും, അടിച്ചുവാരി ഇടുന്ന സ്ഥലം, കുപ്പ ഇതുകള്‍ ശനിയുടെയും സ്ഥാനങ്ങളാകുന്നു. 'സ്ഥാനങ്ങള്‍' എന്നു പറഞ്ഞതുകൊണ്ട് അവയുടെ സമീപപ്രദേശങ്ങളെയും ഗ്രഹിക്കേണ്ടതാണ്. ജാതകപ്രശ്‌നാദികളില്‍ ഗ്രഹങ്ങളെക്കൊണ്ട് സ്ഥാനം പറയേണ്ടിവരുന്നേടത്തെല്ലാം ഈ വിധിപ്രകാരം പറയേണ്ടതാകുന്നു.'      (വ്യാഖ്യാതാവ്: കോണത്ത് വാരിയത്ത് ശങ്കരവാരിയര്‍).   

പില്‍ക്കാല ഗ്രന്ഥകാരന്മാര്‍ മിഹിരാചാര്യന്റെ വാക്കുകളെ വിപുലീകരിക്കുന്നുണ്ട്. അത് കാലത്തിന്റെ ആവശ്യമാകാം; ശാസ്ത്രം കൂടുതല്‍ ജനകീയമാകുന്നതുകൊണ്ടുമാവാം. 'ഫലദീപികയി'ല്‍ (രണ്ടാം അധ്യായം 15, 16 ശ്ലോകങ്ങള്‍) ഗ്രഹസ്ഥാനങ്ങളെ, ഗ്രഹവാസ-വിഹാരങ്ങളെ വിവരിച്ചിരിക്കുന്നത് എപ്രകാരമാണെന്ന് നോക്കാം. 'സൂര്യന്റെസ്ഥാനം ശിവനുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍, വീടിന്റെയും മറ്റും പുറംഭാഗം, പ്രകാശമുള്ളിടം, മരുഭൂമി, കിഴക്കേദിക്ക് എന്നിവയാണ്. ('ശൈവ ധാമ ബഹി: പ്രകാശകമരുദ്ദേശം രവേ പൂര്‍വദിക്'). ചന്ദ്രന്റെ സ്ഥാനം ദുര്‍ഗാലയം, സ്ത്രീകളിരിക്കുമിടം, ജലപ്രദേശം, ഔഷധങ്ങള്‍ ഉണ്ടാക്കുമിടം, തേന്‍/ മദ്യം ഉള്ളിടം, വായുദിക് - വടക്കുപടിഞ്ഞാറ് ഭാഗം എന്നിവയാകുന്നു. ('ദുര്‍ഗാസ്ഥാന വധൂ ജലൗഷധി മധുസ്ഥാനം വിധോര്‍ വായുദിക്'). ചൊവ്വയുടെ സ്ഥാനം കള്ളന്മാരും മ്ലേച്ഛന്മാരും വസിക്കുമിടവും, അഗ്‌നിയുള്ള ഇടവും, യുദ്ധഭൂമിയും, തെക്കേദിക്കുമാകുന്നു. ('ചോരമ്ലേച്ഛകൃശാനു യുദ്ധഭുവിദിഗ്യാമ്യം കുജ മസ്യാദിതാ'). ബുധസ്ഥാനം ഇങ്ങനെ: വിദ്വാന്മാരുള്ളിടവും, വിഷ്ണുക്ഷേത്രവും, സഭകളും കളിസ്ഥലം/ ബുദ്ധവിഹാരം തുടങ്ങിയവയും, ദൈവജ്ഞരിരിക്കുന്ന ഇടവും വടക്കുദിക്കുമാകുന്നു. ('വിദ്വദ്വിഷ്ണുസഭാ വിഹാരഗണക സ്ഥാനാ ന്യുദീച്യാം വിദു:').    

വ്യാഴം തങ്ങുന്നത് എവിടെയൊക്കെ? പണം സൂക്ഷിക്കും സ്ഥലവും, അരയാലും, ദേവബ്രാഹ്മണ സങ്കേതങ്ങളും വടക്ക്-കിഴക്ക് ദിക്കും! ('കോശാശ്വത്ഥ സുരദ്വിജാദി നിലയസ്‌തൈ്വശാന്യദി ഗ്ഗീഷ്പതേര്‍'). ശുക്രസ്ഥാനം വേശ്യാവീഥി, നൃത്തശാല, അന്ത:പുരം, ഉറക്കറ, തെക്കു-കിഴക്ക്  എന്നിവ. ('വേശ്യാവീഥ്യവരോധ നൃത്തശയനസ്ഥാനം ഭൃഗോരഗ്‌നിദിക് '). ശനിയുടെ വാസദേശമാണിനി: നീചന്മാരിരിക്കുന്നിടം, ശുചിത്വമില്ലാത്തിടം, പടിഞ്ഞാറ്, ശാസ്താവിന്റെ ക്ഷേത്രം എന്നിവ. ('നീച ശ്രേണ്യശുചിസ്ഥലം വരുണദിക് ശാസ്തശ്ശനേരാലയോ') രാഹുകേതുക്കളുടെ ഭൂമി കൂടി 'ഫലദീപിക'യില്‍ പറയപ്പെടുന്നു: പുറ്റ്, പാമ്പ് ഉള്ളിടം, ഇരുണ്ടഗുഹകള്‍, തെക്ക്-പടിഞ്ഞാറ് എന്നിവ. ('വല്മീകഹിതമോബില ന്യഹിശിഖി സ്ഥാനാനി ദിഗ്രക്ഷസ').     

ഇതേ ആശയം 'ജാതകപാരിജാതത്തിലു'മുണ്ട്. മനുഷ്യരുടെ മനസ്സും ജീവിതവും തന്നെയാണ് എന്നും ജ്യോതിഷത്തിന്റെ വാസ-വിഹാരസ്ഥലം എന്ന് ഇവിടെ നാം അറിഞ്ഞ കാര്യങ്ങളും സ്പഷ്ടമാക്കുന്നു. പുനര്‍വായനകളും സമുചിത വ്യാഖ്യാനങ്ങളും ജ്യോതിഷത്തെ ഏതു കാലഘട്ടത്തിന്റെയും വഴികാട്ടിയും കൂട്ടുകാരനും ആക്കി മാറ്റുമെന്നതില്‍ സംശയമില്ല.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

'പുഷ്ടി നല്‍കുന്ന പൂഷാവ് ....'

കരണം എന്നാല്‍