സ്ത്രീയും പുരുഷനും

ലേഖനം 83

രാശി, ഗ്രഹം, നക്ഷത്രം

എസ്. ശ്രീനിവാസ് അയ്യര്‍
അവനി പബ്ലിക്കേഷന്‍സ്
98460 23343

രാശികളില്‍ ആറ് വീതം പുരുഷ, സ്ത്രീ രാശികള്‍. മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം ഇവയാറും പുരുഷരാശികള്‍. ഇടവം, കര്‍ക്കടകം, കന്നി, വൃശ്ചികം, മകരം, മീനം ഇവയാറും സ്ത്രീരാശികള്‍.   

നവഗ്രഹങ്ങളില്‍ രവി (സൂര്യന്‍), കുജന്‍ (ചൊവ്വ), ഗുരു (വ്യാഴം) എന്നിവ മൂന്നും പുരുഷഗ്രഹങ്ങള്‍. ചന്ദ്രന്‍, ശുക്രന്‍, സര്‍പ്പന്‍ (രാഹു) ഇവ സ്ത്രീ ഗ്രഹങ്ങള്‍. ബുധനും മന്ദനും (ശനിയും), ശിഖിയും (കേതുവും) നപുംസകഗ്രഹങ്ങള്‍. അതില്‍ തന്നെ ബുധന്‍ സ്ത്രീ നപുംസകം, ശനി പുരുഷ നപുംസകം എന്നൊരു ഭേദകല്പനയും പ്രമാണ ഗ്രന്ഥങ്ങളിലുണ്ട്.

നക്ഷത്രങ്ങള്‍ എല്ലാം ദക്ഷപ്രജാപതിയുടെ പെണ്‍മക്കളാണെന്ന് സങ്കല്പം. എന്നാല്‍ അവയിലുമുണ്ട് ആണ്‍ - പെണ്‍ ഭേദം. ജ്യോതിഷ വിദ്യാര്‍ത്ഥികള്‍ക്ക് ഉതകുന്ന ശ്ലോകം ഇതാ:  

'ആണ്‍നാള്‍ ചോതി വിശാഖമശ്വിഭരണി  
ഭാഗ്യം പുരുട്ടാതിയും  
പൂയം തൊട്ടൊരു മൂന്നു
കേട്ട മുതലഞ്ചന്യാഹി താരാ സ്ത്രിയ:'
  
(ജ്യോതിഷദീപമാല)  

ശ്ലോകത്തിലെ ക്രമം പരിഗണിക്കണ്ട, പുരുഷനക്ഷത്രങ്ങള്‍ ഏതെന്ന് നോക്കാം. അശ്വതി, ഭരണി, പൂയം, ആയില്യം, മകം, ഉത്രം, ചോതി, വിശാഖം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, പൂരുരുട്ടാതി ഇവ പതിന്നാലുമാണ് പുരുഷനക്ഷത്രങ്ങള്‍. ശേഷിക്കുന്നവ പതിമ്മൂന്നും സ്ത്രീനക്ഷത്രങ്ങള്‍. (കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂരം, അത്തം, ചിത്തിര, അനിഴം, അവിട്ടം, ചതയം , ഉത്രട്ടാതി, രേവതി എന്നിവ). 

വിവാഹപ്പൊരുത്തം നോക്കുമ്പോള്‍ പത്തുപൊരുത്തങ്ങള്‍ പ്രാധാന്യമുള്ളതാണ്. അവയിലൊന്നാണ് യോനിപ്പൊരുത്തം അഥവാ സ്ത്രീ-പുരുഷവിഭാഗ പൊരുത്തം. ഒരാചാര്യന്‍ എഴുതുന്നു: 'യോനിപ്പൊരുത്തം എന്നത് സ്ത്രീപുരുഷന്മാര്‍ക്ക് തമ്മിലുള്ള ലൈംഗികപ്പൊരുത്തമാണ്. ലൈംഗികപ്പൊരുത്തമില്ലെങ്കില്‍ അവരുടെ ജീവിതം അസംതൃപ്തവും ദുരിതപൂര്‍ണ്ണവുമായിത്തീരും. അതിനാല്‍ ഇത് അതിപ്രാധാന്യം അര്‍ഹിക്കുന്ന ഒരു പൊരുത്തമാണ്'. (പി. ദാമോദരന്‍ നായര്‍).  

സ്ത്രീ, സ്ത്രീനക്ഷത്രത്തിലും, പുരുഷന്‍ പുരുഷ നക്ഷത്രത്തിലുമാകുന്നത് ഉത്തമം. മുന്‍ ശ്ലോകത്തിന്റെ ശേഷിക്കുന്ന ഭാഗത്തില്‍ 'താന്താനേ ശുഭം' എന്ന് പറഞ്ഞിരിക്കുന്നത് ഇതിനെയാണ്. ഇരുവരും സ്ത്രീയോനി നക്ഷത്രമായിരുന്നാല്‍ മദ്ധ്യമമാണ്, പൊരുത്തം. ഇരുവരും പുരുഷയോനി നക്ഷത്രത്തിലായാല്‍ പൊരുത്തം അധമമായി, അഥവാ പൊരുത്തമില്ല. സ്ത്രീപുരുഷന്മാര്‍ വിപരീത യോനികളിലായാലോ? അതായത് പുരുഷന്‍ സ്ത്രീ നക്ഷത്രത്തിലും, സ്ത്രീ പുരുഷ നക്ഷത്രത്തിലും? അതും ഒരു സാധ്യതയാണല്ലോ? എങ്കില്‍ അതിനെ 'നിന്ദ്യം' എന്നാണ് ആചാര്യന്മാര്‍ വിളിക്കുന്നത്. 'കഷ്ടാ യോനിവിരുദ്ധതാ' എന്നാണ് പ്രമാണവാക്യം.   

സ്ത്രീ, പുരുഷ നക്ഷത്രങ്ങളല്ലാതെ നപുംസക നക്ഷത്രങ്ങളും ഉണ്ടെന്ന് ഒരു പക്ഷമുണ്ട്. അതുപക്ഷേ കേരളീയ ജ്യോതിഷ പദ്ധതിയില്‍ അംഗീകരിക്കപ്പെട്ടിട്ടില്ല. നക്ഷത്രങ്ങളുടെ മൃഗങ്ങളെ മുന്‍നിര്‍ത്തിയും പൊരുത്തചിന്തയുണ്ട്. അതിനെ 'മൃഗയോനിപ്പൊരുത്തം' എന്ന് വിളിക്കും. അത്  ഉത്തരേന്ത്യയില്‍ പ്രാധാന്യത്തോടെ പരിഗണിക്കുന്നതാണ് എന്ന് തോന്നുന്നു. രാശികളെ പക്ഷി, പശു, സരീസൃപം, മനുഷ്യം എന്നീ നാലുവിഭാഗമാക്കി കൊണ്ടുള്ള പൊരുത്തത്തെക്കുറിച്ച് പഴയകാല ഗ്രന്ഥങ്ങളില്‍ വിവരിച്ചുകണ്ടിട്ടുണ്ട്. എന്നാല്‍ കേരളീയ ജ്യോതിഷ പരിസരത്തില്‍ അതും പിന്തുടരപ്പെടുന്നില്ല.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

ശനിക്ക് ഒരു രഹസ്യമുണ്ട്. എന്താണ് ശനിയുടെ മർമ്മം? ആ രഹസ്യം തുറക്കും താക്കോൽ ഇതാ ഇവിടെ

ഒരു നക്ഷത്രം, പല അനുഭവം