പ്രത്യക്ഷം, പരോക്ഷം

ലേഖനം: 82

നക്ഷത്രപാദങ്ങള്‍

എസ്. ശ്രീനിവാസ് അയ്യര്‍
അവനി പബ്ലിക്കേഷന്‍സ്
98460 23343

അശ്വതി മുതല്‍ രേവതി വരെയുള്ള ഇരുപത്തിയേഴ് നക്ഷത്രങ്ങള്‍ മേടം മുതല്‍ മീനം വരെയുള്ള പന്ത്രണ്ട് രാശികളിലടങ്ങുന്നുവെന്ന് നമുക്കറിയാം. ജന്മനക്ഷത്രം വരുന്ന രാശിയെ കൂറ്, ചന്ദ്രരാശി എന്നെല്ലാം പറയുന്നു. ഓരോ രാശിയിലും രണ്ടേകാല്‍ നക്ഷത്രങ്ങള്‍ അഥവാ ഒമ്പത് നക്ഷത്രപാദങ്ങള്‍ വരും. (ഒരു നക്ഷത്രത്തിന് നാലു പാദങ്ങള്‍. അപ്പോള്‍ 27 നക്ഷത്രങ്ങള്‍ x നാലുപാദം = 108 പാദങ്ങള്‍. അവയെ പന്ത്രണ്ട് രാശികളില്‍ ഉള്‍ക്കൊള്ളിച്ചാല്‍ ഓരോ രാശിയിലും ഒമ്പത് നക്ഷത്രപാദങ്ങള്‍. ഇത് രാശി മുതല്‍ ക്രമത്തിലും നക്ഷത്രം മുതല്‍ ക്രമത്തിലും ആയിരിക്കും)    

വ്യക്തികളുടെ ഗ്രഹനില/ ഗ്രഹസ്ഥിതിക്കൊപ്പം നവാംശക ചക്രം അഥവാ അംശകസ്ഥിതി കൂടി ജാതകം തയ്യാറാക്കിയ ദൈവജ്ഞന്‍ നല്‍കിയിട്ടുണ്ടാവും. ജനനസമയത്ത് ഓരോ ഗ്രഹവും രാശിയിലെ മുപ്പത് ഡിഗ്രിയില്‍ ഏത് ഡിഗ്രിയിലാണെന്ന് കൃത്യം രേഖപ്പെടുത്തുന്നതാണ് അംശകം. ഒരു രാശി എന്നത് 30 ഡിഗ്രി അഥവാ 1800 മിനിറ്റാണ്. (ഒരു ഡിഗ്രി = 60 മിനിറ്റ്) അതിനെ 3 ഡിഗ്രി 20 മിനിറ്റ്, അല്ലെങ്കില്‍ 200 മിനിറ്റ് എന്ന രീതിയില്‍ ഒമ്പതായി വിഭജിക്കുന്നതാണ് നവാംശകം. അപ്പോള്‍ ഒരു നക്ഷത്രം ഏതൊക്കെ അംശകത്തിലാവും എന്ന് വിഭജിച്ചു നോക്കുന്നതാണ് നവാംശകചക്രത്തില്‍ നിര്‍വഹിക്കപ്പട്ടിരിക്കുന്ന ദൗത്യം. ആ നിലയ്ക്കാണ് അതിന്റെ പ്രാധാന്യവും.   

ഓരോ നക്ഷത്രത്തിന്റെയും നാലുപാദങ്ങളും നാലുരാശികളിലായി വരുന്നുണ്ട്, ഈ വിധത്തില്‍ അതിനെ വിഭജിക്കുമ്പോള്‍. നവാംശകത്തിലെ ചന്ദ്രസ്ഥിതിയില്‍ നിന്നുമക്കാര്യം അറിയാം. നിങ്ങളുടെ നക്ഷത്രം വരുന്ന രാശി/ കൂറ് നിങ്ങളുടെ സ്വഭാവ രൂപീകരണത്തിലും ജീവിത പുരോഗതിയിലും വഹിക്കുന്ന പങ്ക് ചെറുതല്ല. അത്രയും തന്നെ പ്രാധാന്യമുണ്ട് നക്ഷത്രപാദങ്ങള്‍ ഏതു രാശിയില്‍ വരുന്നു എന്നതിനെ മുന്‍ നിര്‍ത്തിയുള്ള ഫലങ്ങള്‍ക്കും. ആ വിഭജനം എങ്ങനെ എന്ന് വിശദീകരിക്കുകയാണ് ഇവിടെ. ജ്യോതിഷ വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനകരമായേക്കും, ഈ ചെറുവിവരണം.  

അശ്വതി, രോഹിണി, പുണര്‍തം, മകം, അത്തം, വിശാഖം, മൂലം, തിരുവോണം, പൂരുരുട്ടാതി എന്നീ ഒമ്പത് നക്ഷത്രങ്ങള്‍ക്ക് ഒരേ രീതിയാണ്. ഇവയെ സൃഷ്ടിനക്ഷത്രങ്ങള്‍ എന്ന് പറയും. 'തലനാള്‍' എന്നൊരു വിശേഷണവുമുണ്ട്. ഇവ ഒമ്പതിന്റെയും നാലുപാദങ്ങള്‍ ഒന്നാംപാദം മേടം രാശിയില്‍, രണ്ടാം പാദം ഇടവം രാശിയില്‍, മൂന്നാം പാദം മിഥുനം രാശിയില്‍, നാലാംപാദം കര്‍ക്കിടകം രാശിയില്‍ എന്നിങ്ങനെയാവും അംശകത്തില്‍ വരുക. ജന്മനക്ഷത്രം വരുന്ന കൂറ് ഏതായിരുന്നാലും ഈ നാലുപാദങ്ങളില്‍ ജനിച്ചവരുടെ ജീവിതത്തെ ആ പാദങ്ങളുടെ അംശകരാശി, അതിന്റെ അധിപനായ ഗ്രഹം എന്നിവ സ്വാധീനിക്കും. ഉദാഹരണത്തിന് അശ്വതി മേടം രാശിയില്‍ വരുന്ന നക്ഷത്രമാണ്. പക്ഷേ അതിന്റെ നാലുപാദങ്ങള്‍ ക്രമത്തില്‍ മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിവയില്‍ വരികയാല്‍ മേടംരാശിയുടെ ഫലത്തിനൊപ്പം പാദങ്ങള്‍ വരുന്ന രാശിയുടെ ഫലവും അനുഭവത്തിലുണ്ടാവും.  

ഭരണി, മകയിരം, പൂയം, പൂരം, ചിത്തിര, അനിഴം, പൂരാടം, അവിട്ടം, ഉത്രട്ടാതി എന്നീ ഒമ്പത് നക്ഷത്രങ്ങള്‍ സ്ഥിതിനക്ഷത്രങ്ങള്‍ അഥവാ 'ഇടനാള്‍' എന്നറിയപ്പെടുന്നു. ഈ നക്ഷത്രങ്ങളുടെ നവാംശകം ചിങ്ങം, കന്നി, തുലാം, വൃശ്ചികം എന്നീ നാലു രാശികളില്‍ വരുന്നു. ഒന്നാം പാദം ചിങ്ങത്തിലും, രണ്ടാംപാദം കന്നിയിലും, മൂന്നാംപാദം തുലാത്തിലും, നാലാംപാദം വൃശ്ചികത്തിലും എന്നതാണ് ക്രമമെന്ന് ഓര്‍മ്മിക്കുക.     

കാര്‍ത്തിക, തിരുവാതിര, ആയില്യം, ഉത്രം, ചോതി, തൃക്കേട്ട, ഉത്രാടം, ചതയം, രേവതി എന്നീ ഒമ്പത് നക്ഷത്രങ്ങളെ സംഹാരനക്ഷത്രങ്ങള്‍ അഥവാ 'കടനാള്‍' എന്ന് വിശേഷിപ്പിക്കുന്നു. ഈ നക്ഷത്രങ്ങളുടെ നാലുപാദങ്ങള്‍ നവാംശകത്തില്‍ യഥാക്രമം ധനു, മകരം, കുംഭം, മീനം എന്നീ രാശികളിലായി വരുന്നു.   

അശ്വതിയുടെ നാലു പാദങ്ങള്‍ മേടം മുതല്‍ കര്‍ക്കിടകം വരെ, തുടര്‍ന്ന് ഭരണിയുടെ നാലുപാദങ്ങള്‍ ചിങ്ങം മുതല്‍ വൃശ്ചികം വരെ, തുടര്‍ന്ന് കാര്‍ത്തികയുടെ നാലുപാദങ്ങള്‍ ധനു മുതല്‍ മീനം വരെ, വീണ്ടും രോഹിണിയുടെ നാലു പാദങ്ങള്‍ മേടം മുതല്‍ കര്‍ക്കിടകം വരെ എന്നിങ്ങനെ 27 നാളുകളുടെയും പാദങ്ങള്‍ ഇടമുറിയാതെ രാശിക്കുള്ളിലൂടെ വിന്യസിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അങ്ങനെ 27 നാളുകളുടെ 108 പാദങ്ങള്‍ 9 തവണ രാശിചക്രത്തിന്റെ ഉള്ളിലായി വിന്യസിക്കപ്പെടുന്നു.   

ഫലം പഠിക്കുമ്പോള്‍ നക്ഷത്രം ഏതു രാശിയിലാണ് എന്നതു പോലെ പ്രധാനമാണ് ഓരോ പാദവും ഏതുരാശിയില്‍ ഭവിച്ചിരിക്കുന്നു എന്നതും. 'ഗ്രഹാണാം അംശകേ ബലം' എന്നാണ് അനുശാസനം തന്നെ. ഇവിടെ ചന്ദ്രഗ്രഹത്തിന്റെ കാര്യം മാത്രമാണ് പറഞ്ഞിട്ടുള്ളത്. ഗ്രഹനിലയിലെ ഓരോ ഗ്രഹത്തിന്റെയും നവാംശകം പഠന വിധേയമാക്കണം. അപ്പോഴാണ് ഫലം സ്പഷ്ടമാവുക. സത്യത്തില്‍ അതുംപോര. ഒരു രാശിയെ, അതിന്റെ മുപ്പത് ഡിഗ്രിയെ അഥവാ ആയിരത്തിയെണ്ണൂറ് മിനിറ്റിനെ ഇരുപത് തരത്തില്‍ മുറിച്ച്, സൂക്ഷ്മമാക്കി പഠിക്കുന്ന രീതിയാണ് ജ്യോതിഷശില്പികള്‍ കൈക്കൊണ്ടിട്ടുള്ളത്. അപ്പോള്‍ മാത്രമാണ് ഫലങ്ങള്‍ ഏറ്റവും സത്യസന്ധമാവുക. അങ്ങനെയല്ലാതെ പ്രവചനം നടത്തരുത് എന്നതാണ് മുന്‍കാല ദൈവജ്ഞന്മാരുടെ കര്‍മ്മപരമായ നിഷ്ഠ. അപ്പോള്‍ മാത്രമാണ് ആയുഷ് കാര്യങ്ങളും കര്‍മ്മാനുഭവങ്ങളും ജീവിതത്തിന്റെ അണിമയും  ഗരിമയുമെല്ലാം തെളിഞ്ഞു കത്തുന്നത്.  

മുറിവൈദ്യം ആവരുത് ജ്യോതിഷം, ഒരിക്കലും. മുഴുവിദ്യ തന്നെയാവണം എപ്പോഴും. അതാവട്ടെ നമ്മുടെ ലക്ഷ്യം...

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

ശനിക്ക് ഒരു രഹസ്യമുണ്ട്. എന്താണ് ശനിയുടെ മർമ്മം? ആ രഹസ്യം തുറക്കും താക്കോൽ ഇതാ ഇവിടെ

ഒരു നക്ഷത്രം, പല അനുഭവം