വൈശാഖധര്‍മ്മം

ലേഖനം: 81

വൈശാഖ മാസം - സവിശേഷതകള്‍

എസ്. ശ്രീനിവാസ് അയ്യര്‍,  
അവനി പബ്ലിക്കേഷന്‍സ്

മേടത്തിലെ കറുത്തവാവിന്റെ പിറ്റേന്നാണ്, ശുക്ലപക്ഷ പ്രതിപദത്തില്‍ / പ്രഥമയില്‍, വൈശാഖമാസം തുടങ്ങുന്നത്. അതായത് ഈ വര്‍ഷം ഇന്നാണ് (12/05/2021) വൈശാഖാരംഭം. ഇടവമാസത്തിലെ കറുത്തവാവ് (10/06/2021) വരെ വൈശാഖമാസമാണ്. വിശാഖം നക്ഷത്രത്തില്‍ പൗര്‍ണമി/ വെളുത്തവാവ് വരുന്നതിനാല്‍ ഈമാസം 'വൈശാഖം' എന്ന് വിളിക്കപ്പെടുന്നു. പുണ്യദിനങ്ങള്‍ ഘോഷയാത്രയായി വരുന്നു, വൈശാഖത്തില്‍. അതാണ് മറ്റ് ചാന്ദ്രമാസങ്ങളെ അപേക്ഷിച്ച് വൈശാഖത്തിന് മേന്മയേകുന്ന ഘടകം.

ചെറുതോ വലുതോ ആകട്ടെ, നാം ചെയ്യുന്ന സല്‍പ്രവൃത്തികള്‍ ഒരിക്കലും ക്ഷയിക്കാത്ത അക്ഷയതൃതീയയും ബലരാമാവതാരവും ബദരീനാഥ് ക്ഷേത്രത്തിന്റെ നടതുറപ്പും ശ്രീശങ്കരജയന്തിയും നരസിംഹാവതാരവും ബുദ്ധപൂര്‍ണിമയും മുരുകഭക്തന്മാരുടെ വൈകാശി വിശാഖദിനത്തിലെ കാവടിവഴിപാടും ശബരിമല പ്രതിഷ്ഠാദിനവും (ഇടവമാസത്തിലെ അത്തം നാള്‍) കൊട്ടിയൂര്‍ ആരാധനയും ഗുരുവായൂരമ്പലത്തിലെ തുടര്‍ സപ്താഹങ്ങളും - ആകെക്കൂടി പുണ്യമായ കാലമാണ് പിറക്കുന്നത്.    

ഭഗവല്‍ ഭജനത്തിനും ഉപാസനയ്ക്കും ദാനധര്‍മ്മാദികള്‍ക്കും അത്യുത്തമ മാസമാണ് വൈശാഖം. വിശേഷിച്ചും അതിലെ മൂന്നാം നാളായ തൃതീയാതിഥിദിവസം. പുരാണ ഗ്രന്ഥങ്ങളിലുണ്ട് ഇതിന്റെ ആധികാരികത. പിതൃപ്രീതിക്കായി കുട, വടി, ചെരുപ്പ്, വിശറി, ആഹാരാദികള്‍ ഉള്‍പ്പെടെ മറ്റ് അവശ്യപദാര്‍ത്ഥങ്ങള്‍ എന്നിവ അക്ഷയതൃതീയയില്‍ അര്‍ഹിക്കുന്നവര്‍ക്ക് ദാനം ചെയ്യുന്ന പതിവൊക്കെ ഇപ്പോള്‍ പോയ്മറഞ്ഞുകഴിഞ്ഞിരിക്കുന്നു. ത്യജിക്കുന്നതിനു പകരം വാങ്ങിക്കൂട്ടാനുള്ള തിടുക്കവും തത്രപ്പാടുമാണിപ്പോള്‍ അക്ഷയതൃതീയയില്‍ കണ്ടുവരുന്നത്! ദാനശീലമാണ് '22 കാരറ്റ് സ്വര്‍ണം' എന്ന അറിവ് നമുക്ക് എങ്ങനെയോ കൈമോശം വന്നു കഴിഞ്ഞിരിക്കുന്നു...   
വൈശാഖത്തില്‍ ആചരിക്കേണ്ട ധര്‍മ്മാനുഷ്ഠാനങ്ങളെ പൊതുവേ 'വൈശാഖധര്‍മ്മം'  എന്നു പറയുന്നു. ഭഗവാന്‍ മഹാവിഷ്ണുവിന്റെ കൃപാകടാക്ഷങ്ങള്‍ ലഭിക്കുവാന്‍ ശ്രദ്ധാഭക്തിപുരസ്സരം വൈശാഖമാസത്തില്‍ ചെയ്യുന്ന സല്‍ക്കര്‍മ്മങ്ങള്‍ വഴിവെക്കും. പുരാണങ്ങളില്‍ അതിനെക്കുറിച്ച് വ്യക്തമായ ചില കഥകളുണ്ട്. ഒരു കഥയിങ്ങനെ: സൂര്യവംശ രാജാവായ കീര്‍ത്തിമാന്‍ വസിഷ്ഠന്റെ ഉപദേശപ്രകാരം  വൈശാഖധര്‍മ്മം ലോപം വരുത്താതെ ആചരിച്ചു പോന്നു. രാജനിര്‍ദ്ദേശപ്രകാരം അദ്ദേഹത്തിന്റെ പ്രജകളും ധര്‍മ്മകാര്യങ്ങള്‍ മുടങ്ങാതെ നിര്‍വഹിച്ചു. ആ പുണ്യകര്‍മ്മങ്ങള്‍ മൂലം ആരും മരിക്കാത്ത ഒരു രാജ്യമായി കീര്‍ത്തിമാന്റെ രാജ്യം മാറി. അത് കാലനെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തിയത്. കുപിതനായ കാലന്‍ രാജാവായ കീര്‍ത്തിമാനുമായി യുദ്ധം ചെയ്തങ്കിലും പരാജയമായിരുന്നു ഫലം.    

കാലന്‍ ബ്രഹ്മാവിനെ സമീപിച്ചു പക്ഷേ ഫലമുണ്ടായില്ല. ഒടുവില്‍ വിഷ്ണുവിനെ തന്നെ ശരണം പ്രാപിച്ചു. വൈശാഖധര്‍മ്മം ജനങ്ങള്‍ നിറവേറ്റാത്ത പക്ഷം മാത്രമേ കാലന് കീര്‍ത്തിമാന്റെ രാജ്യത്ത് പ്രവേശിക്കാനാവൂ എന്നും കുറേക്കാലത്തിനു ശേഷം ദുഷ്ടന്മാര്‍ ഉദയം ചെയ്യുമെന്നും അക്കാലത്ത് കാലന് വെറുതേ ഇരിക്കേണ്ടിവരില്ലെന്നും ഭഗവാന്‍ ദീര്‍ഘവീക്ഷണത്തോടെ കാലന് ഉറപ്പു നല്‍കി.

പ്രാര്‍ത്ഥനയും അനുഷ്ഠാനവുമൊക്കെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങള്‍ കൂടിയാണ്, ആസ്തികജനങ്ങള്‍ക്ക്. സ്വന്തം ധര്‍മ്മപ്രവൃത്തികളില്‍ നിന്ന് ഏതെങ്കിലും തരത്തില്‍ പിന്നോട്ടു പോയിട്ടുള്ളവര്‍ക്ക് അവ പുനരാരംഭിക്കുവാന്‍ വൈശാഖമാസത്തോളം ഉത്തമമായ മറ്റൊരു വേളയുണ്ടാവില്ല. അതിനാല്‍ പ്രഭാതത്തില്‍ കിഴക്കോട്ട് നോക്കി പ്രാര്‍ത്ഥിക്കുന്നതാവട്ടെ, പൂക്കള്‍ ഭഗവല്‍ ചിത്രങ്ങളില്‍ ചാര്‍ത്തുന്നതാവട്ടെ, നാമം ചൊല്ലുന്നതാവട്ടെ, ദീനനും രോഗിക്കും നിസ്വനും നിരാലംബനും സഹായം ചെയ്യുന്നതാവട്ടെ - എല്ലാം വൈശാഖധര്‍മ്മം / വൈശാഖപുണ്യം തന്നെയാണ്. 

'അച്യുതാനന്ത ഗോവിന്ദ / നമോച്ചാരണ ഭേഷജാത്/ നശ്യന്തി സകലാന്‍ രോഗാന്‍/ സത്യം സത്യം വദാമ്യഹം' എന്ന ദിവ്യമന്ത്രം വൈശാഖത്തിന്റെ വരപ്രസാദമായി മനസ്സിലും നാവിന്‍ തുമ്പിലും നിറയട്ടെ! വിശേഷിച്ചും കലി രോഗദുരിതമായി കെട്ടിയാടുമ്പോള്‍!

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

ശനിക്ക് ഒരു രഹസ്യമുണ്ട്. എന്താണ് ശനിയുടെ മർമ്മം? ആ രഹസ്യം തുറക്കും താക്കോൽ ഇതാ ഇവിടെ

ഒരു നക്ഷത്രം, പല അനുഭവം