വിഷ്ടി എന്ന കരണം

ലേഖനം: 75

തിഥിഫലം ഉള്‍പ്പെടെ

എസ്. ശ്രീനിവാസ് അയ്യര്‍
അവനി പബ്ലിക്കേഷന്‍സ്
9846023343

പഞ്ചാംഗം അഞ്ച് ഘടകങ്ങള്‍ ചേര്‍ന്നതാണല്ലോ? അതിലെ ഒരു ഘടകമാണ് കരണം. തിഥി എന്ന ചാന്ദ്രദിനത്തിന്റെ പകുതിയാണ് കരണം. അതിനാലാണ് 'തിഥ്യര്‍ദ്ധം കരണം' എന്ന് പറയുന്നത്. 

തിഥി ഏതാണ്ട് ഒരു ദിവസമാണ്, അഥവാ  60 നാഴിക. (ഘടികാര സമയമനുസരിച്ച് 24 മണിക്കൂര്‍.) തിഥിയുടെ പകുതിയാണ് കരണം എന്നാണല്ലോ നിയമം. അപ്പോള്‍ 30 നാഴിക, അല്ലെങ്കില്‍ 12 മണിക്കൂറാണ് കരണത്തിന്റെ ദൈര്‍ഘ്യം. അങ്ങനെ ഒരു തിഥിയില്‍ രണ്ട് കരണങ്ങള്‍ വീതം ഉണ്ടാവും.  

കരണങ്ങളില്‍ ഉഗ്രശക്തിയാര്‍ന്ന 'വിഷ്ടി' എന്ന കരണത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്.   

മുഹൂര്‍ത്തം കണക്കാക്കുമ്പോള്‍ സ്വീകരിക്കരുതാത്ത ഒമ്പത് വിഷയങ്ങളുണ്ട്. അവയെ 'നവദോഷങ്ങള്‍' എന്നുപറയുന്നു. അതിലൊന്നാണ് വിഷ്ടി.   

വെളുത്ത/ കറുത്ത പക്ഷങ്ങളിലെ മുപ്പത് തിഥികളില്‍ (15+15) വിഷ്ടിക്കരണം 8 തവണ വരുന്നു. അതായത് മുപ്പത് തിഥികളിലായി വരുന്ന 60 കരണങ്ങളില്‍ വിഷ്ടിക്കരണം 8 തവണ വരുന്നു. കറുത്ത പക്ഷത്തില്‍ നാല് തവണയും വെളുത്ത പക്ഷത്തില്‍ നാലു തവണയും. അങ്ങനെയും ഇത് മനസ്സിലാക്കാം.   

വെളുത്ത അഷ്ടമി, വെളുത്ത വാവ് എന്നിവയുടെ ആദ്യ മുപ്പത് നാഴികയും (പൂര്‍വ്വാര്‍ദ്ധത്തില്‍) വെളുത്ത ചതുര്‍ത്ഥി, വെളുത്ത ഏകാദശി എന്നിവയുടെ രണ്ടാമത്തെ മുപ്പത് നാഴികയും ( ഉത്തരാര്‍ദ്ധത്തില്‍) വിഷ്ടിക്കരണം ഭവിക്കുന്നു. അങ്ങനെ വെളുത്ത പക്ഷത്തില്‍ നാലു തവണ. വെളുത്തപക്ഷത്തെ ശുക്ലപക്ഷം എന്നും പറയുന്നു.     

ഇനി കറുത്ത അഥവാ കൃഷ്ണപക്ഷത്തില്‍ വിഷ്ടിക്കരണം വരുന്നത് എപ്പോഴൊക്കെ എന്ന് നോക്കാം.

സപ്തമി, ചതുര്‍ദ്ദശി എന്നീ തിഥികളുടെ ആദ്യ മുപ്പത് നാഴികയും (പൂര്‍വ്വാര്‍ദ്ധം), തൃതീയ, ദശമി എന്നിവയുടെ രണ്ടാമത്തെ മുപ്പത് നാഴികയും (ഉത്തരാര്‍ദ്ധം) വിഷ്ടിക്കരണമാണ്. ഇന്ന്, 2021 മെയ് 6 വ്യാഴാഴ്ച കറുത്ത/ കൃഷ്ണപക്ഷ ദശമിയാകയാല്‍ (ഏകദേശം ഇന്നലെ ഉച്ചക്ക് ദശമി തിഥി തുടങ്ങി. ഇന്ന് ഉച്ചക്ക് 2 മണിവരെ ദശമിയുണ്ട്.) വിഷ്ടിക്കരണമാണ്. ഒരു ഉദാഹരണം ചൂണ്ടിക്കാട്ടി എന്നേയുള്ളു.    

വിഷ്ടി മുഹൂര്‍ത്തവര്‍ജ്യമാണ് എന്ന് വ്യക്തമാക്കി. വിഷ്ടിക്കരണത്തില്‍ ജനിച്ചാലും സദ്ഫലങ്ങള്‍ പറയപ്പെടുന്നില്ല. ഒരു ശ്ലോകം ചേര്‍ക്കാം:  
'ക്രൂര : സംഗ്രാമശീലശ്ച / ക്ഷീണവൃത്തി: കുഭോജന: /  സ്വബന്ധു കലഹ: കോപീ / വിഷദൃക് വിഷ്ടി സംജ്ഞിതേ'  
സാരം: ക്രൂരനും യുദ്ധശീലനും തൊഴിലില്‍ പുരോഗതിയില്ലാത്തവനും വര്‍ജിക്കപ്പെട്ടവയെ ഭക്ഷിക്കുന്നവനും തന്റെ ബന്ധുക്കളുമായി കലഹിക്കുന്നവനും കോപിഷ്ഠനും നോട്ടത്താല്‍ പലതിനേയും നശിപ്പിക്കുന്നവനുമാവും വിഷ്ടിക്കരണത്തില്‍ ജനിക്കുന്നവന്‍ (ജനിക്കുന്നവള്‍). ജാതകത്തില്‍ പഞ്ചാംഗഫലം എഴുതുമ്പോള്‍ സ്വാഭാവികമായും കരണഫലവും ആചാര്യന്‍ രേഖപ്പെടുത്തും.

വിഷ്ടിയുടെ ഉല്പത്തിക്കഥ ഇപ്രകാരമാണ്: ദേവാസുരയുദ്ധത്തില്‍ തോറ്റ ദേവന്മാര്‍ ശിവനെ പ്രാര്‍ത്ഥിക്കുകയും ഭഗവാന്‍ ദേവന്മാരെ രക്ഷിക്കുവാന്‍ വിഷ്ടിയെ സൃഷ്ടിക്കുകയും ചെയ്തു. ഭയജനകമായ രൂപഭാവങ്ങളാണ് വിഷ്ടിക്ക്. ഖരാനനയും (കഴുതയുടെ മുഖം എന്നും അഗ്‌നിയുടെ മുഖം എന്നും) സപ്തഗ്രീവയും (ഏഴ് കഴുത്തുകള്‍) സപ്ത ഭുജയും (ഏഴ്‌കൈകള്‍) ത്രിപദയും (മൂന്ന്കാലുകള്‍) പുച്ഛ സംയുതയും (വാലോടുകൂടി) പ്രേതാരൂഢയും (ശവത്തിന്മേല്‍ ഇരിക്കുന്നവളും) ആണ് വിഷ്ടി. അവള്‍ക്ക് ഏഴ് മുദ്രകളാണ്. തീയ്, തോട്ടി, ഗദ, പാശം, വാള്‍, വേല്‍, മനുഷ്യന്റെ തലകൊണ്ടുള്ള മാല എന്നിവ. (അവ അണിഞ്ഞിട്ടുണ്ട് എന്നും പറയാം). ഇവയാണ് അടയാളങ്ങളായ ഏഴ് മുദ്രകള്‍.    

വിഷ്ടി എട്ടുവിധമാണ്; എട്ടുപേരുകളുമുണ്ട്. കരാളി, നന്ദിനി, രൗദ്രീ, സുമുഖീ, ദുര്‍മ്മുഖീ, ത്രിശിരാ, വൈഷ്ണവീ, സിംഹീ എന്നിവയാണവ.    

കറുത്ത മഷികൊണ്ടെഴുതിയതു പോലെ തോന്നുന്ന കൊടുംരൂപവര്‍ണ്ണന വിഷ്ടിയെക്കുറിച്ച്  പ്രമാണ ഗ്രന്ഥങ്ങളില്‍ ഇനിയുമുണ്ട്. കാര്‍മേഘത്തിന്റെ നിറം. നീണ്ടമൂക്കുണ്ട്. അത്യുഗ്രമായ ദംഷ്ട്രകള്‍. പരന്ന കവിളുകളും താടിയും. തടിച്ച ജംഘ - ഇതാണ് ആകൃതി. ചുറ്റും കത്തിക്കാളുന്ന അഗ്‌നിയുമായാണ് വിഷ്ടിയുടെ ആഗമനം തന്നെ! എന്തിനെയും നശിപ്പിക്കുവാന്‍ വരം കൊടുത്താണ് ഭഗവാന്‍ വിഷ്ടിയെ സൃഷ്ടിച്ചിരിക്കുന്നതും. നായയുടെ / പട്ടിയുടെ ചില പ്രകൃതങ്ങള്‍ വിഷ്ടിയിലുണ്ടത്രെ! അതിനാല്‍ ശ്വാവ്, ശുനി, നായ് എന്നീ പദങ്ങള്‍ പര്യായമായി ഗ്രന്ഥങ്ങളില്‍ കാണാം.   

വിഷ്ടിയുടെ ദൈര്‍ഘ്യം 30 നാഴിക അഥവാ 12 മണിക്കൂറാണല്ലോ? അതിനെ ശരീരഭാഗമാക്കി വിഭജിക്കുന്നു. വിഷ്ടിയുടെ ആദ്യ അഞ്ച് നാഴിക അതിന്റെ മുഖം. ഒരു നാഴിക കഴുത്ത്. പിന്നെ പതിനൊന്ന് നാഴിക മാറിടം. പിന്നത്തെ നാലു നാഴിക നാഭി. തുടര്‍ന്ന് ആറ് നാഴിക അരക്കെട്ട്. ഒടുവിലത്തെ മൂന്ന് നാഴിക പുച്ഛം അഥവാ വാല്‍. ഇതാണ് രൂപവിധാനം.    

മുഖം വരുന്ന നാഴികകളില്‍ ചെയ്യപ്പെടുന്ന സകല കര്‍മ്മങ്ങളും നശിക്കും. കഴുത്തിന്റെതായ നാഴികയില്‍ കര്‍ത്താവിന് (കര്‍മ്മം ചെയ്യുന്നയാള്‍ക്ക്) മൃതി തന്നെ എന്നാണ് പറഞ്ഞിരിക്കുന്നത്! മാറിടം സൂചിപ്പിക്കുന്ന വേളയില്‍ ചെയ്യുന്ന കാര്യങ്ങള്‍ ധനനഷ്ടം വരുത്തും. നാഭിവേള കലഹ ജനകമായിരിക്കും. അരക്കെട്ടിന്റെ നാഴികകളില്‍ ചെയ്യപ്പെടുന്ന കൃത്യങ്ങള്‍ക്ക് മന്ദമായ പുരോഗതിയാവും ദൃശ്യമാകുക. വാലിനെ കാട്ടുന്ന അവസാന മൂന്ന് നാഴിക മുഹൂര്‍ത്തങ്ങള്‍ക്ക് വേണമെങ്കില്‍ കൈക്കൊള്ളാമെന്നും, കഴിയുന്നതും വിഷ്ടിയുടെ മുപ്പത് നാഴികയും / പന്ത്രണ്ട് മണിക്കൂറും ശുഭകാര്യങ്ങള്‍ക്ക് ഒഴിവാക്കുന്നതാണ് ഉത്തമം എന്നും ആചാര്യന്മാര്‍ ഭിന്നാഭിപ്രായം പുലര്‍ത്തുന്നു.    

വിഷ്ടിക്കരണം ഇത്രയും കൊണ്ട് തീരുന്നില്ല. ഒരുപാട് ഗഹനവിഷയങ്ങള്‍ ഇനിയും ബാക്കിയാണ്. മനീഷികളുടെ വിചിന്തനത്തിന് അവയെല്ലാം വിധേയമായിട്ടുണ്ട്. ജ്യോതിഷ വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനകരമായേക്കും എന്ന് കരുതിയാണ് സാങ്കേതികത കൊണ്ട് സങ്കീര്‍ണമായ വിഷ്ടിക്കരണത്തെ അല്പം നീട്ടി വിസ്തരിച്ചത്. ഈ ലേഖനം എഴുതാന്‍ മഹാശയന്മാരായ ഗുരുനാഥന്മാര്‍ ഓണക്കൂര്‍ ശങ്കരഗണകനും പ്രൊഫസര്‍ എന്‍.ഇ. മുത്തുസ്വാമിയും രചിച്ച ജ്യോതിഷ നിഘണ്ടുക്കള്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട് എന്നതില്‍ സന്തോഷിക്കുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

ശനിക്ക് ഒരു രഹസ്യമുണ്ട്. എന്താണ് ശനിയുടെ മർമ്മം? ആ രഹസ്യം തുറക്കും താക്കോൽ ഇതാ ഇവിടെ

ഒരു നക്ഷത്രം, പല അനുഭവം