പേരുകളില്‍ തെളിയും ഫലം

ലേഖനം : 74

ദശാഫലം

എസ്. ശ്രീനിവാസ് അയ്യര്‍
അവനി പബ്ലിക്കേഷന്‍സ്
98460 23343

പരാശരന്‍ എന്ന ആചാര്യന്റെ സംഭാവനയാണ് കേരളീയര്‍ ഇന്ന് പിന്‍തുടരുന്ന നക്ഷത്രദശാപദ്ധതി. അതിനാല്‍ ഇതിനെ 'പരാശരീ' എന്ന് വിളിക്കുന്നു. മനുഷ്യന്റെ പരമാവധി ആയുസ്സ് 120 വര്‍ഷം എന്ന് ഈ രീതി വ്യക്തമാക്കുന്നതിനാല്‍ 'വിംശോത്തരീ ദശാപദ്ധതി' എന്നും പേരുണ്ട്. (സംസ്‌കൃതത്തില്‍ വിംശോത്തരി എന്നാല്‍ 120 എന്നര്‍ത്ഥം). വ്യക്തികളുടെ  ജന്മനക്ഷത്രങ്ങളെ കേന്ദ്രീകരിച്ചുള്ളതാകയാല്‍ 'നക്ഷത്ര ദശാപദ്ധതി' എന്നുമുണ്ട് നാമധേയം.   

നവഗ്രഹങ്ങളാണ് ദശാനാഥന്മാര്‍. ഒമ്പത് ദശകള്‍, ഓരോ ദശയ്ക്കുള്ളിലും ഒമ്പത് ഗ്രഹങ്ങളുടെ അധികാര കാലമായ അപഹാരം, ഓരോ അപഹാരത്തിനുള്ളിലും എല്ലാ ഗ്രഹങ്ങളുടെയും അവകാശകാലമായ ഛിദ്രം, പിന്നെ സൂക്ഷ്മദശ, പ്രാണദശ തുടങ്ങിയ ഉള്‍പ്പിരിവുകള്‍ - അങ്ങനെ സ്ഥൂലത്തില്‍ നിന്നും സൂക്ഷ്മത്തിലേക്ക് ഇറങ്ങി വരുന്നതാണ് ഈ പദ്ധതി. ഓരോ വ്യക്തിയുടെയും പ്രതിനിമിഷമുള്ള ഫലങ്ങള്‍ വരെ പ്രവചിക്കാന്‍ ശക്തിയും ക്ഷമതയും ഉള്ള ശാസ്ത്രശാഖയാണ്. പക്ഷേ അതിന് ദൈവജ്ഞന് സമയമുണ്ടോ?, നമുക്ക് സൗകര്യമുണ്ടോ? അത്  മറ്റൊരു വിഷയമാണ്! തത്ക്കാലം വിടാം!   

സൂര്യദശയോ ചന്ദ്രദശയോ ശുക്രദശയോ ഏതുദശയുമാകട്ടെ, ഒമ്പത് ദശകള്‍ക്ക് ഒമ്പത് പേരുകളുണ്ട്. അവിടെ ആദ്യദശ, രണ്ടാംദശ, മൂന്നാംദശ എന്നതാണ് പരിഗണന. ദശയുടെ രഹസ്യം, ആകെയുള്ള അനുഭവത്തിലേക്കുള്ള കൈത്തിരി കാട്ടല്‍ ഒക്കെ ആ പേരിലടങ്ങിയിരിപ്പുണ്ട്. ആത്യന്തികമായി അതാണ് ആ ദശയുടെ മര്‍മ്മവും!     

ആദ്യദശയെ ജന്മദശ എന്ന് പറയുന്നു. അതിന്റെ ഫലം അധികവും ഗുണദോഷസമ്മിശ്രമായിരിക്കും. ശിശുവിന് ബാലപീഢ കൊണ്ടുള്ള പ്രശ്‌നങ്ങള്‍, കുടുംബാംഗങ്ങള്‍ക്ക്, വിശിഷ്യാ മാതാപിതാക്കള്‍ക്ക് പലതരം ക്ലേശങ്ങള്‍ - ഇത് ജന്മദശയുടെ ഫലം. ജന്മദശ എന്നാല്‍ ജന്മനക്ഷത്രത്തിന്റെ നാഥനായ ഗ്രഹത്തിന്റെ ദശ എന്നാണ് വിവക്ഷ.

രണ്ടാം നക്ഷത്രമേതോ അതിന്റെ, അധിപഗ്രഹത്തിന്റെ ദശയാവും രണ്ടാംദശ. രണ്ടാം നക്ഷത്രത്തിന് ധന/ സമ്പല്‍ നക്ഷത്രമെന്നാണ് പേര്. അതിനാല്‍ രണ്ടാം ദശയ്ക്ക് 'ധനനക്ഷത്രാധിപ ദശ' എന്ന് പേരുവന്നു. പേരിലാണ് പൊരുള്‍. ആ ദശയില്‍ സാമ്പത്തിക മെച്ചമുണ്ടാവും. തനിക്ക് അല്ലെങ്കില്‍  മാതാപിതാക്കള്‍ക്ക്. ക്ലേശം കുറഞ്ഞ കാലമായിരിക്കും പൊതുവേ! 

ജന്മനക്ഷത്രം ഏതാണോ അതിന്റെ മൂന്നാം നക്ഷത്രത്തെ വിപല്‍/ ആപല്‍ നക്ഷത്രമെന്ന് പറയും. ആ നാളിന്റെ അധിപന്റെ ദശയാവും മൂന്നാംദശ! ആപത്തുണ്ടാക്കുന്ന, സൈ്വരക്കേടുകള്‍ക്ക് കാരണമാവുന്ന ദശയാണത്. അതിനാല്‍ ആപന്ന ദശ/ വിപന്ന ദശ എന്നൊക്കെ പേരുണ്ടായി. ഏറ്റവും മികച്ച ശുഭഗ്രഹങ്ങളായ വ്യാഴം, ശുക്രന്‍ തുടങ്ങിയ ഗ്രഹങ്ങളുടെ ദശയായാലും കാര്യമേറെക്കുറെ ഇങ്ങനെ തന്നെ!   

നാലാംദശ നാലാം നക്ഷത്രാധിപന്റെ ദശയാണ്. നാലാം നക്ഷത്രത്തിന് 'ക്ഷേമനക്ഷത്രം' എന്ന് നാമം. അപ്പോള്‍ നാലാം ദശ - അത് ശനിദശയായാലും രാഹുദശയായാലും - ക്ഷേമമുണ്ടാക്കുന്ന ദശയാവും. 'ക്ഷേമനക്ഷത്രാധിപ ദശ' എന്ന പേരില്‍ നിന്ന് അക്കാര്യമാണ് സ്പഷ്ടമാവുന്നത്.   

അഞ്ചാം നാള്‍ 'പ്രത്യരി നക്ഷത്രം'! അതിന്റെ അര്‍ത്ഥം പ്രതി + അരി, അതായത് എപ്പോഴും ശത്രുവിന്റെ നിഴലില്‍ ജീവിക്കേണ്ട കാലം എന്നാണ്! 'പ്രത്യരി നക്ഷത്രാധിപ ദശ' എന്ന അഞ്ചാം ദശയില്‍ ശത്രുക്കളുടെ പ്രവര്‍ത്തനങ്ങളെ നേരിടേണ്ടിവരും. ആത്മശക്തി പരീക്ഷിക്കപ്പെടും ശത്രു അകത്തോ പുറത്തോ, തന്റെ തന്നെ സ്വഭാവ വൈകല്യങ്ങളാണോ എന്നതൊക്കെ ഇവിടെ സംഗതമാണ്!

ആറാം നക്ഷത്രത്തെ 'സാധകനക്ഷത്രം' എന്ന് വിളിക്കുന്നു. ആറാംദശയ്ക്ക് 'സാധകനക്ഷത്രാധിപ ദശ' എന്നതാകുന്നു നാമം. ചിരകാലാഭിലാഷങ്ങള്‍ പൂവണിയും കാലമാണത്. ശരാശരി മദ്ധ്യ വയസ്സിലാണ് ആറാംദശ വരിക. ഗൃഹനിര്‍മ്മാണം, സന്താനങ്ങളുടെ വിവാഹം എന്നിവ ആറാംദശയുടെ ഫലശ്രുതിയില്‍ പെടാം 

കനത്തപ്രഹരം ഏല്‍പ്പിക്കുക ഏഴാംദശയെന്നാണ് ആചാര്യമതം. ഏഴാം നാള്‍ 'വധനക്ഷത്രം' എന്ന് വിളിക്കപ്പെടുന്നു. (ജാതകത്തില്‍ ദൈവജ്ഞന്‍ മൂന്ന് നക്ഷത്രങ്ങള്‍ വരുന്ന ദിവസങ്ങള്‍ ശുഭകാര്യങ്ങള്‍ക്ക് ഒഴിവാക്കണമെന്നും അവയില്‍ കരുതല്‍ പുലര്‍ത്തണമെന്നും എഴുതിവെച്ചിട്ടുണ്ട്. അവ മൂന്ന്, അഞ്ച്, ഏഴ് നാളുകളാണ്.)  അപ്പോള്‍ ഏഴാംദശയ്ക്ക് 'വധനക്ഷത്രാധിപ ദശ' എന്നായി പേര്! മരിക്കാന്‍ സാധ്യതയുള്ള കാലം എന്ന് ആശയം. കരുതലും പ്രാര്‍ത്ഥനകളും വേണ്ടതുണ്ട്. പക്ഷേ മരണം എന്ന് കടത്തിപ്പറയുകയാണ് ആചാര്യന്‍, മൃത്യുഭയം ഉണ്ടാക്കുന്നത് എന്നതാവും ശരി. ഒരു ദശയെ മുന്‍നിര്‍ത്തി മാത്രം ആര്‍ക്കും മരണമൊന്നും പ്രവചിക്കാന്‍ കഴിയില്ല!  രോഗദുരിതാദികള്‍ അധികരിക്കാം. സാധാരണഗതിയില്‍ വാര്‍ദ്ധക്യത്തില്‍ തുടങ്ങുന്ന ദശയാവുമല്ലോ ഏഴാംദശ !    

എട്ടാം നാളിന് 'മൈത്രിനക്ഷത്രം' എന്നും എട്ടാം ദശയ്ക്ക് 'മൈത്രിനക്ഷത്രാധിപ ദശ' എന്നുമാണ് പേരുകള്‍. സുഹൃത്തിനെപ്പോലെയാണ് എട്ടാംനാള്‍. അതിനാല്‍ നന്മയും ഗുണവുമേറും എട്ടാം ദശയിലെന്ന് ഊഹിക്കാം. ഒമ്പതാംനക്ഷത്രം 'പരമ മൈത്രി' നക്ഷത്രം! ഏറ്റവും സന്തതസഹചാരിയെപ്പോലെ, ആപ്തമിത്രത്തെപ്പോലെ ഒരു നക്ഷത്രം! ഒമ്പതാം ദശയ്ക്ക് 'പരമമൈത്രി നക്ഷത്രാധിപ ദശ' എന്നാണ് വിശേഷണം ആ ദശയില്‍ ഗുണങ്ങളനവധി എന്ന് സാരം.      

ഒമ്പത് ദശകള്‍ കഴിയുന്നതോടെ നക്ഷത്രദശാവൃത്തം പൂര്‍ത്തിയാവുകയാണ്. ഇതൊക്കെയാണെങ്കിലും ആയുര്‍ബലം ചിന്തിക്കാന്‍ ഈ ഒഴുക്കന്‍ മട്ട് പോരാ! ഗ്രഹനിലയുടെ സുസൂക്ഷ്മമായ നിരൂപണം തന്നെ വേണം!

     ജന്മദശ എന്ന ആദ്യദശ സമ്മിശ്രഫലങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് നാം മനസ്സിലാക്കി. 2, 4, 6 എന്നീ ക്രമത്തില്‍ വരുന്ന ദശകള്‍ പ്രായേണ ഭേദപ്പെട്ട ഫലങ്ങള്‍ സൃഷ്ടിക്കാം. 3, 5, 7 എന്നീ ദശകള്‍ സാമാന്യേന കഷ്ടനഷ്ടങ്ങള്‍ക്ക് കാരണമായേക്കാം! 8, 9 ദശകള്‍ മിക്കപ്പോഴും അതിവാര്‍ദ്ധക്യത്തിലാവും വരിക. ഫലങ്ങളിലേക്കുള്ള ചൂണ്ടുപലകകള്‍ മാത്രമാണ് ഇവിടെ വ്യക്തമാക്കിയ ജന്മനക്ഷത്രം മുതല്‍ ഒമ്പതു നക്ഷത്രങ്ങളുടെ പേരുകളും അതിനെ ആധാരമാക്കിയുള്ള ദശാനാമങ്ങളും. കൃത്യഫലം അറിയാന്‍ സ്വന്തം ജാതകം തന്നെയാണ് പരിശോധിക്കപ്പെടേണ്ടത്! ലക്ഷ്യത്തിലെത്താന്‍ നൂറുകണക്കിന് വഴികള്‍ ജ്യോതിഷത്തില്‍ നിര്‍ദ്ദേശിക്കപ്പെടുന്നുണ്ട് അവയെ സമന്വയിപ്പിക്കാന്‍ ഉത്തമ ദൈവജ്ഞന് മാത്രമാവും വിധിനിയോഗമുള്ളത്!   

ഞാനെഴുതിയ നക്ഷത്ര പുസ്തകങ്ങളില്‍ ഇത്തരം ദശാവിചിന്തനങ്ങള്‍ വായിക്കാം.


പുസ്തകങ്ങള്‍ വാങ്ങാനായി വിളിക്കുകയോ വാട്ട്‌സാപ്പ് അയക്കുകയോ ചെയ്യുക...
ഫോണ്‍:98460 23343

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

ശനിക്ക് ഒരു രഹസ്യമുണ്ട്. എന്താണ് ശനിയുടെ മർമ്മം? ആ രഹസ്യം തുറക്കും താക്കോൽ ഇതാ ഇവിടെ

ഒരു നക്ഷത്രം, പല അനുഭവം