പൊരുത്തമോ പൊരുത്തക്കേടോ?

ലേഖനം: 59

ശനി-രാഹു താരതമ്യം

എസ്. ശ്രീനിവാസ് അയ്യര്‍
അവനി പബ്ലിക്കേഷന്‍സ്
98460 23343

സ്വഭാവപരമായി അഥവാ പ്രകൃതംകൊണ്ട് ഒരേമട്ടില്‍ പ്രവര്‍ത്തിക്കുന്ന ഗ്രഹങ്ങളാണ് ശനിയും രാഹുവും എന്ന് പറയപ്പെടുന്നു. അതിന്റെ ന്യായാന്യായതകളാണ് ഇന്നത്തെ ചര്‍ച്ചാവിഷയം.   

രാഹുവും കേതുവും ഏറ്റവും പഴയ ജ്യോതിഷത്തില്‍ ഉണ്ടായിരുന്നതിന് അധികം ദൃഷ്ടാന്തങ്ങളില്ല. സപ്തഗ്രഹങ്ങള്‍ മാത്രമായിരുന്നു അന്ന് പരിഗണിക്കപ്പെട്ടിരുന്നത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി എന്നിവയായിരുന്നു ആ ഏഴ് ഗ്രഹങ്ങള്‍. പിന്നീട് രാഹുവും കേതുവും കൂട്ടിച്ചേര്‍ക്കപ്പെട്ടതായി വിദ്വജ്ജനങ്ങള്‍ പറയുന്നു. പുരാണം പറയുന്നത് രാഹുവും കേതുവും ഒരസുരന്റെ ഉടലും തലയുമാണെന്നാണല്ലോ? നിഴല്‍ഗ്രഹങ്ങളും താമസഗുണ ഗ്രഹങ്ങളും പാപന്മാരുമാണവ. രാഹുകേതുക്കളെ മറ്റു ഗ്രഹങ്ങളുമായി സാമ്യപ്പെടുത്തുന്ന രീതി അക്കാലം മുതല്‍ വ്യാപകവുമായി.

രാഹുവിന് ശനിയോടാണ് അടുപ്പമെന്നത്രെ പണ്ഡിതന്മാരുടെ പക്ഷം. 'ശനിവത് രാഹു' എന്ന് ഉക്തി തന്നെയുണ്ടായി. ശനിയെപ്പോലെ രാഹുവെന്നര്‍ത്ഥം. ശനിയുടെ ദശാകാലം 19 വര്‍ഷം, രാഹുവിന്റെ ദശാകാലം 18 വര്‍ഷവും. അത് ഒരു സാമ്യത. ശനിയെപ്പോലെ വായുതത്ത്വഗ്രഹമാണ് രാഹുവെന്നും വാദമുണ്ട്. നിരുന്മേഷതയും ആലസ്യവും ഇരുഗ്രഹങ്ങളുടെയും ആത്മവത്ത. ദീര്‍ഘസൂത്രികളുമാണ്. സമയബന്ധിതമായി ഒന്നും പൂര്‍ത്തീകരിക്കില്ല, രാഹു-ശനി ദശകളിലൂടെ കടന്നുപോകുന്നവര്‍. ബാഹ്യകാരണങ്ങളുണ്ടാവാം, അതിലധികം തന്റെ മനോഭാവമാണത്. ഓരോന്ന് പറഞ്ഞ് മിക്കതും നീട്ടിക്കൊണ്ടുപോകും. അപ്പോഴപ്പോള്‍ തോന്നുന്ന ഓരോകാരണങ്ങള്‍ ഉപാധിയാക്കുകയും ചെയ്യും.     

കറുത്തധാന്യമായ എള്ള് ശനിയുടെ ധാന്യം, ഉഴുന്ന് രാഹുവിന്റെ ധാന്യം. ശനിയാഴ്ച ശനിയുടെ ദിവസം, രാഹുവിന് ദിവസമില്ലെങ്കിലും ശനിയാഴ്ച പൂജിക്കുന്നത് ഉത്തമം. ശനിവര്‍ണം നീല, രാഹുവര്‍ണം കറുപ്പ്- ഇങ്ങനെയുമുണ്ട് വാദങ്ങള്‍. പാരമ്പര്യ വിരുദ്ധതയും ഇരുഗ്രഹങ്ങളിലും കാണാം. പൊതുവേ ഭാരതീയരെ കിഴക്കുഭാഗവുമായി ബന്ധിപ്പിച്ച് പറയാറുണ്ട്. (ORIENTAL എന്ന വാക്ക് ഓര്‍ക്കാം) ആകയാല്‍ നമ്മുടെ വിപരീതസ്വഭാവം പുലര്‍ത്തുന്നവര്‍ എന്ന തത്ത്വത്തെ മുന്‍നിര്‍ത്തി, പാരമ്പര്യ വിരുദ്ധതയെ വ്യക്തമാക്കുവാനായി ശനിയെയും രാഹുവിനെയും പാശ്ചാത്യദിക്കില്‍ ബലമുള്ള ഗ്രഹങ്ങളായും വകകൊള്ളിക്കുന്നു.

ഇത്തരം ബാഹ്യ യാഥാര്‍ത്ഥ്യങ്ങള്‍ക്കപ്പുറം ഈ ഗ്രഹങ്ങള്‍ക്കിടയില്‍ വല്ല പാരസ്പര്യവും, വല്ല സാധര്‍മ്യങ്ങളും ഉണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ലെന്നാണ് ഉത്തരം. സാദൃശ്യം ഒട്ടൊക്കെ പുറം പൂച്ചില്‍ മാത്രം. എന്താണ് ഈ ഗ്രഹങ്ങള്‍ക്കിടയിലെ ഏറ്റവും പ്രധാനപ്പെട്ട വൈരുദ്ധ്യം?   

ജീവിതത്തിന്റെ അകക്കാഴ്ചകളും അന്തര്‍നാടകങ്ങളും 'ശ്രീഭൂവിലസ്ഥിരയാണ്' എന്ന ഉപദര്‍ശനവും പകര്‍ന്നുതരാന്‍ ശനിക്കാവും. ശനിദശയോ ഏഴരശനിക്കാലമോ കഴിഞ്ഞ ഒരു മനുഷ്യന്റെ ജീവിതം നിരീക്ഷിച്ചു നോക്കുക. അയാളൊരിക്കലും പഴയമനുഷ്യനാവില്ല. ഭൗതികതയോടും ജീവിതത്തിന്റെ ശബളിമയോടും അയാള്‍ക്ക് മാനസിക വിരക്തി വന്നിട്ടുണ്ടാവും. മണ്ണാങ്കട്ടയോടും സ്വര്‍ണക്കട്ടിയോടും ഒക്കെ ഒരേ മനസ്സ്, ഒരുതരം നിസ്സംഗത്വം പുലര്‍ത്താന്‍ അയാള്‍ക്കാവും. വേദാന്തിയാവാതെയും കാഷായം ധരിക്കാതെയും തന്നെ! 'സമലോഷ്ടാശ്മ കാഞ്ചനന്‍' എന്നയാളെ വിളിക്കുന്നതില്‍ തെറ്റുവരില്ല. ജീവിതം ഒരു നീര്‍ക്കുമിള മാത്രമാണ്, അഹങ്കരിക്കേണ്ടതില്ല എന്ന മഹാസത്യം ആരെയും പഠിപ്പിക്കുന്ന വലിയ ഗുരുനാഥനാണ് ശനി. എന്നാല്‍ രാഹുവോ?

പാപപങ്കിലമാക്കും രാഹു, മനുഷ്യജീവിതത്തെ. ആ പാപക്കറയില്‍ നിന്നും ആര്‍ക്കുമില്ലൊരു മോചനം. ലൗകികതയുടെ മായക്കാഴ്ചകള്‍ കണ്ട് മനുഷ്യന്‍ മതിമറന്നുപോകും. ഇന്ദ്രിയങ്ങളുടെ പ്രലോഭനച്ചുഴിയില്‍ പെട്ട് നട്ടംതിരിയുക എന്നതാവും ആത്യന്തിക വിധി. സുഖഭോഗങ്ങള്‍ എത്ര വേണമെങ്കിലും വാരിക്കോരിത്തരും. ദുഷ്‌പ്രേരണകള്‍ മുക്കിലും മൂലയിലും നിന്ന് മാടിവിളിക്കും. അധികാരലബ്ധി, ഭോഗം, ആഢംബരം- എല്ലാം സദ്ഭാവങ്ങളില്‍ നില്‍ക്കുന്ന രാഹു കനിഞ്ഞരുളും. പക്ഷേ ഐശ്വര്യമദം കൊണ്ട് ആരുടെയും നിലതെറ്റിപ്പോകും. അതിലൂടെ മുന്നേറി, അതില്‍തന്നെ ഒടുങ്ങുക എന്നതാണ് രാഹു ഒരുക്കുന്ന ചതിക്കുഴി. ആത്മീയ ജാഗ്രതയ്‌ക്കോ ആദ്ധ്യാത്മിക ചര്യകള്‍ക്കോ രാഹു ഇടംതരുക എന്നത് അപൂര്‍വമാണ്. അഥവാ അതിന് തുനിഞ്ഞാലും ഇടയിളക്കവും മനശ്ചാഞ്ചല്യവും ഭവിക്കും. പിന്നെ ഗതികെട്ട ത്രിശങ്കുവിന്റെ ജീവിതമായി.   

ശരിയായ ജീവിതപാഠം, ജീവിതദര്‍ശനം പകര്‍ന്നുതരുന്ന ഒരു നല്ല വഴികാട്ടിയാവാന്‍ രാഹുവിന് ഒരിക്കലും കഴിയില്ല. ജാഗ്രത്സ്വപ്ന സുഷുപ്തികള്‍ക്കപ്പുറമുള്ള തുരീയം എന്ന നാലാംകണ്ണ് തുറക്കാന്‍ ശനിക്ക് മാത്രമേ കഴിയുകയുള്ളു. ഇത് മുഴുവന്‍ മനുഷ്യടെയും ജീവിത യാഥാര്‍ത്ഥ്യമാണ്. ആരെയും കള്ളസന്ന്യാസിയും വ്യാജസിദ്ധനുമാക്കാന്‍ രാഹുവിന് സാധിച്ചേക്കും. എന്നാലോ? ഒരാളെപ്പോലും പരമവിശിഷ്ടതയുടെ പരമഹംസനാക്കാന്‍ രാഹുവിന് ഒരിക്കലുമാവില്ല. ആ മഹല്‍സിദ്ധിയുള്ളത് ശനിക്ക് മാത്രമാണ്.!   

ഈ ലേഖകന്റെ നവഗ്രഹ പുസ്തകങ്ങളില്‍ ഇത്തരം ഉണ്‍മകളുടെ പര്യാലോചനകളും സമാലോചനകളും ഉണ്ട്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

'പുഷ്ടി നല്‍കുന്ന പൂഷാവ് ....'

കരണം എന്നാല്‍