ബാലനും കുമാരനും വൃദ്ധനും മറ്റും

ലേഖനം: 57

ഗ്രഹാവസ്ഥകളെ ക്കുറിച്ച്

എസ്. ശ്രീനിവാസ് അയ്യര്‍
അവനി പബ്ലിക്കേഷന്‍സ്
98460 23343

ഗ്രഹങ്ങള്‍ രാശികളിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുകയാണെന്ന് ജ്യോതിഷ പരിചയമുള്ളവര്‍ക്കറിയാം. ഓരോ രാശിയും മുപ്പത് ഡിഗ്രി വീതമെന്നും അങ്ങനെ പന്ത്രണ്ട് രാശികള്‍ക്കും കൂടി 360 ഡിഗ്രിയാണെന്നും നാം മനസ്സിലാക്കിയിട്ടുണ്ട്. ഒരു രാശിയിലെ മുപ്പത് ഡിഗ്രിയിലൂടെ കടന്നുപോകുന്ന ഗ്രഹത്തിന് അപ്പോള്‍ നില്‍ക്കുന്ന സമയബിന്ദുവിനെ / ഡിഗ്രിയെ മുന്‍നിര്‍ത്തി അഞ്ച് അവസ്ഥകള്‍ പറയാറുണ്ട്. അതാണ് ഇന്നത്തെ ചര്‍ച്ചാവിഷയം.    
ഫലദീപിക തുടങ്ങിയ പ്രാചീന പ്രമാണഗ്രന്ഥങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ള വിഷയമാണിത്. ഇതിനെ 'ഗ്രഹാവസ്ഥ' എന്നു പറയുന്നു. ബാലാവസ്ഥ, കുമാരാവസ്ഥ, യൗവ്വനാവസ്ഥ, വൃദ്ധാവസ്ഥ, മൃതാവസ്ഥ എന്നീ അഞ്ച് അവസ്ഥകളിലൊന്നിലായിരിക്കും ഒരു രാശിയില്‍ സ്ഥിതി ചെയ്യുന്ന ഗ്രഹം. അങ്ങനെയാണ് ഈ നിയമം പറയുന്നത്. ഗ്രഹം ബാലനായിരിക്കുന്ന അവസ്ഥ (ബാല്യം) തന്നെയാണ് ബാലാവസ്ഥ. ഗ്രഹം കുമാരനായിരിക്കുന്ന അവസ്ഥ (കൗമാരം), യുവാവായിരിക്കും കാലം യുവാവസ്ഥ (യൗവ്വനം), വൃദ്ധനായിരിക്കുന്നത് വാര്‍ദ്ധക്യം, മൃതതുല്യത മൃതാവസ്ഥ എന്നിങ്ങനെ അര്‍ത്ഥം കല്പിക്കപ്പെടുന്നു.      
ഒരു ഗ്രഹം ഏതു രാശിയില്‍ നില്‍ക്കുന്നു എന്ന് മാത്രം നോക്കി ഫലം പറയരുത്. വേറെയും ഒരുപാടൊരുപാട് ഘടകങ്ങളുണ്ട്. അവയെക്കൂടി പരിചിന്തനം ചെയ്താണ് ഫലം പറയേണ്ടത്. അവയില്‍  ഏതവസ്ഥയിലൂടെയാണ് ഒരു ഗ്രഹം കടന്നുപോയത് ഫലം ചിന്തിക്കുന്ന സമയത്ത് എന്നതും പ്രധാനമാണ്. പേരുപോലെയാണ് ഗ്രഹം ഫലം തരുന്ന രീതിയും - അതാണ് ഗ്രഹാവസ്ഥയുടെ മര്‍മ്മം. ഇക്കാര്യം പ്രമാണ ഗ്രന്ഥങ്ങളില്‍ ഊന്നിപ്പറയുന്നു.  
ബാലാവസ്ഥയില്‍ നില്‍ക്കുന്ന ഗ്രഹം നാമമാത്രമായ ഫലങ്ങള്‍ സൃഷ്ടിക്കും. കുമാരാവസ്ഥയിലെ ഗ്രഹം കുറച്ചുകൂടി ഗുണദാതാവാണ്. യുവാവായിരിക്കുന്ന അഥവാ യൗവനാവസ്ഥയിലെ ഗ്രഹം സമഗ്രഫലം നല്‍കും. വൃദ്ധാവസ്ഥയിലെത്തി നില്‍ക്കുന്ന ഗ്രഹം അപ്രിയമായ അഥവാ ദോഷഫലങ്ങളെ തരും. മൃതാവസ്ഥയിലെ ഗ്രഹം ഒട്ടൊക്കെ ദോഷത്തിനും മരണഭയത്തിനും  ചിലപ്പോള്‍ മരണത്തിനോ തന്നെ കാരണമാകാം.   
മേടം മുതലുള്ള പന്ത്രണ്ട് രാശികളെ ആറ് ഓജരാശികള്‍, ആറ് യുഗ്മരാശികള്‍ എന്നിങ്ങനെ രണ്ടായി പകുത്തിട്ടുണ്ട്. ഓജ രാശികളിലും യുഗ്മരാശികളിലും വ്യത്യസ്ത രീതികളിലാണ് ഗ്രഹാവസ്ഥ കണക്കാക്കുന്നത്. മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം എന്നിവയാറും ഓജരാശികള്‍. പുരുഷ രാശികള്‍, വിഷമ രാശികള്‍ എന്നീ വിശേഷണങ്ങളും ഓജരാശികള്‍ക്കുണ്ട്. ഇടവം, കര്‍ക്കിടകം, കന്നി, വൃശ്ചികം, മകരം, മീനം എന്നിവയാറുമാണ് യുഗ്മരാശികള്‍ . സ്ത്രീരാശി, സമരാശി എന്നിവ യുഗ്മരാശികളുടെ മറ്റ് പേരുകള്‍. ഓരോ രാശിയേയും 6 ഡിഗ്രി വീതം 5 തുല്യഭാഗമാക്കി പ്രശ്‌നമോ മുഹൂര്‍ത്തമോ ജാതകമോ ദശയോ ചര്‍ച്ചചെയ്യുമ്പോള്‍ ഗ്രഹം ഇവയില്‍ ഏത് ഭാഗത്താണെന്ന് കണ്ടെത്തി ഗ്രഹാവസ്ഥയറിയുന്നു. അതില്‍ നിന്നും ഫലവുമറിയാനാവും.  
ഓജരാശികളില്‍ ആദ്യ 6 ഡിഗ്രിയില്‍ നില്‍ക്കുന്ന ഗ്രഹം ബാലാവസ്ഥയില്‍. 6 മുതല്‍ 12 ഡിഗ്രിവരെ കുമാരാവസ്ഥയില്‍. 12 മുതല്‍ 18 ഡിഗ്രിവരെ യുവാവസ്ഥയില്‍. 18 മുതല്‍ 24 ഡിഗ്രിവരെ വൃദ്ധാവസ്ഥയില്‍. 24 മുതല്‍ 30 ഡിഗ്രിവരെ മൃതാവസ്ഥയില്‍. ഉല്‍ ക്രമത്തിലാണ്, വിപരീതത്തിലാണ് യുഗ്മരാശികളില്‍ ഗ്രഹാവസ്ഥ കണക്കാക്കേണ്ടത്. 6 ഡിഗ്രി വരെ മൃതാവസ്ഥ. 6 മുതല്‍ 12 ഡിഗ്രി വരെ വൃദ്ധാവസ്ഥ. 12 മുതല്‍ 18 ഡിഗ്രി വരെ യുവാവസ്ഥ. 18 മുതല്‍ 24 ഡിഗ്രി വരെ കുമാരാവസ്ഥ. 24 മുതല്‍ 30 ഡിഗ്രി വരെ ബാലാവസ്ഥ. രാശി ഓജമാവട്ടെ, യുഗ്മമാവട്ടെ മധ്യത്തിലെ 6 ഡിഗ്രി ഗ്രഹത്തിന്റെ യുവത്വത്തെ സൂചിപ്പിക്കുന്നു.   
ഒന്നുരണ്ട് ഉദാഹരണങ്ങള്‍ നോക്കാം. മേടം 5 ഞായറാഴ്ച സൂര്യോദയത്തിന് സൂര്യന്‍ മേടം രാശിയില്‍ 4 ഡിഗ്രി 2 മിനിറ്റില്‍ നില്‍ക്കുകയാണ്. മേടം ഒരു ഓജരാശിയാണെന്ന് നമുക്കറിയാം. ഓജരാശിയില്‍ ആദ്യ 6 ഡിഗ്രി വരെ നില്‍ക്കുന്ന ഏതുഗ്രഹവും ബാലാവസ്ഥയിലാണ്. അപ്പോള്‍ സൂര്യന്‍ ബാല്യം എന്ന അവസ്ഥയിലാണ്. മേടം എന്നത് സൂര്യന്റെ ഉച്ചരാശിയാണെങ്കിലും ബാല്യാവസ്ഥയിലാണ് സൂര്യന്‍ അപ്പോള്‍ എന്നത് ശ്രദ്ധിക്കേണ്ട വസ്തുതയാണ്. ഫലം പറയുമ്പോള്‍ ഇത്തരം നൂല്‍പ്പഴുതുകള്‍ പോലും പ്രസക്തമാകും.  
മേടമാസം 5 ന്, ഇതേ ദിവസം ശനി മകരം രാശിയുടെ 18 ഡിഗ്രി 22 മിനിറ്റിലാണ്. മകരം ഒരു യുഗ്മരാശിയാണ്. അവിടെ വിപരീത രീതിയില്‍ ഗ്രഹാവസ്ഥ കണക്കാക്കണം എന്നാണല്ലോ നിയമം. രാശി ഓജമായാലും യുഗ്മമായാലും 12 മുതല്‍ 18 ഡിഗ്രി വരെ യുവത്വത്തിലാണ് ഗ്രഹം. ഇവിടെ ശനി അത് പിന്നിട്ട് കൗമാരത്തിലേക്ക് കടക്കുകയാണ്. മകരം രാശി ശനിയുടെ സ്വക്ഷേത്രമാണ്. എന്നാലും കൗമാരാവസ്ഥയിലാണ് ശനി. അക്കാര്യവും ഫലചിന്തയില്‍  സംഗതമാണ്.    
ഇതെല്ലാം ഇപ്രകാരം വിശദമാക്കിയത് ജ്യോതിഷ വിദ്യാര്‍ത്ഥികളെ മുന്നില്‍ക്കണ്ടിട്ടാണ്. അവര്‍ക്കായി ഒരു ചോദ്യം ഇതാ: ചന്ദ്രന്‍ നില്‍ക്കുന്നത് മിഥുനം രാശിയില്‍ 8 ഡിഗ്രി കഴിഞ്ഞ് 8 മിനിറ്റിലാണ്. ചന്ദ്രന്റെ ഗ്രഹാവസ്ഥ എന്തായിരിക്കും.? ഉത്തരം ഇതില്‍ത്തന്നെ മെസേജ് ആയി എഴുതുക.    
ഈ ലേഖകന്റെ നവഗ്രഹ പുസ്തകങ്ങളില്‍ വേറെയുള്ള ഗ്രഹാവസ്ഥകളും  വിവരിച്ചിട്ടുണ്ട്.


പുസ്തകങ്ങള്‍ വാങ്ങാനായി വിളിക്കുകയോ വാട്ട്‌സാപ്പ് അയക്കുകയോ ചെയ്യുക...
ഫോണ്‍:98460 23343

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

'പുഷ്ടി നല്‍കുന്ന പൂഷാവ് ....'

കരണം എന്നാല്‍