ഒരാളെപ്പോലെ എത്രപേര്‍

ലേഖനം 56

നക്ഷത്ര സാമ്യതകള്‍

എസ് . ശ്രീനിവാസ് അയ്യര്‍
അവനി പബ്ലിക്കേഷന്‍സ്
98460 23343

നാം സാധാരണ പറയാറുണ്ട്, ഒരാളെപ്പോലെ രൂപം കൊണ്ടോ ഗുണം കൊണ്ടോ ലോകത്തില്‍ ഏഴുപേരുണ്ടാകുമെന്ന്! ഇത് എത്രത്തോളം ശരിയാണെന്നോ ശാസ്ത്രീയമായ പിന്‍ബലമുണ്ടെന്നോ അറിയില്ല. എന്നാല്‍ ഇക്കാര്യം ജ്യോതിഷലോകത്തിലും കുറച്ചൊക്കെ സത്യമാണ്. നക്ഷത്രങ്ങളുടെകാര്യം തന്നെ നോക്കാം. പക്ഷേ ഇവിടെ ഒരാളെപ്പോലെ ഏഴല്ല, ഒമ്പതു പേരാണുണ്ടാവുക. അത് എങ്ങനെയെന്ന അന്വേഷണവും വിശദീകരണവുമാണ് ഇന്നത്തെ കുറിപ്പില്‍.     

നക്ഷത്രങ്ങള്‍ 27 ആണ്. അവ  രണ്ടേകാല്‍  നക്ഷത്രങ്ങള്‍ വീതം എന്ന കണക്കിന് പന്ത്രണ്ട് രാശികളിലായി വിന്യസിക്കപ്പെട്ടിട്ടുമുണ്ട്. മേടക്കൂറ്, ഇടവക്കൂറ്, മിഥുനക്കൂറ് എന്നുതുടങ്ങി മീനക്കൂറുവരെ പന്ത്രണ്ടു കൂറുകള്‍ അങ്ങനെ സംഭവിക്കുകയാണല്ലോ ഇത് എല്ലാവര്‍ക്കും അറിയുകയും ചെയ്യും.   

ഒരു നക്ഷത്രത്തിന് നാലു പാദങ്ങള്‍ / നാലുകാലുകള്‍ ഉണ്ടല്ലോ! അപ്പോള്‍ 27 നക്ഷത്രങ്ങള്‍ക്കും കൂടി 108 പാദങ്ങള്‍/കാലുകള്‍ വരികയാണ്. അപ്പോള്‍ 12 രാശികളിലായി 108 നക്ഷത്രപാദങ്ങളുണ്ടെന്നും തെളിയുകയാണ്. പ്രത്യക്ഷത്തില്‍ ഒരു രാശിയില്‍ അങ്ങനെ രണ്ടേകാല്‍ നക്ഷത്രം എന്നത് ഒമ്പത് നക്ഷത്രപാദങ്ങളാവുന്നു. ഒരു നക്ഷത്രത്തില്‍ ജനിക്കുന്ന വ്യക്തി അതിന്റെ നാലു പാദങ്ങളിലൊന്നിലായിരിക്കുമല്ലോ ജനിക്കുന്നത്. അങ്ങനെ വരുമ്പോള്‍ ഓരോ രാശിയിലും ഒമ്പത് മനുഷ്യരായി. ഇത് ജ്യോതിഷം പരിചയപ്പെട്ടുകൊണ്ടിരിക്കുന്ന സാധാരണ വായനക്കാര്‍ക്കു വേണ്ടി ഉദാഹരിക്കാം.  

മേടക്കൂറില്‍ അശ്വതി, ഭരണി എന്നിവയുടെ നാലു പാദങ്ങളും കാര്‍ത്തികയുടെ ആദ്യപാദവുമാണല്ലോ വരിക. ( അശ്വതി 4 + ഭരണി 4 + കാര്‍ത്തിക 1 = 9 ) അപ്പോള്‍ ഒമ്പത് വ്യക്തികളായല്ലോ? മേടക്കൂറിന്റെയും അതിന്റെ നാഥനായ ചൊവ്വയുടെയും സ്വഭാവം ആ ഒമ്പത് വ്യക്തികളില്‍ ഏറിയും കുറഞ്ഞും പ്രതിഫലിക്കും. ചില  സാമ്യതകളൊക്കെ പ്രകടമാവും. അതുകൊണ്ടാണ് ഒരാളെപ്പോലെ ഏഴുപേര്‍ എന്നത് ജ്യോതിഷത്തില്‍ ഒരാളെപ്പോലെ ഒമ്പതു പേര്‍ ആകുന്നത് എന്ന് പറഞ്ഞത്. 

കുറച്ചുകൂടി ഗഹനമായ ഒരു വിഭജനം കൂടി നോക്കാം. ഗ്രഹനിലയോടൊപ്പം നവാംശകരാശിയും നാം കണ്ടിട്ടുണ്ട്. ഇത് നക്ഷത്രങ്ങളെ ഒമ്പത് പാദങ്ങളായി വിന്യസിച്ചു കൊണ്ടുള്ള ഒരു ക്രമീകരണമാണ്. ഗ്രഹനില എന്നത് ഒരു വ്യക്തിയുടെ ജനനം നടന്ന വേളയില്‍ ഗ്രഹങ്ങള്‍ ഏത് രാശിയില്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്നുവെന്നതിനെ വ്യക്തമാക്കുന്നു. സ്വാഭാവികമായും അവയിലെ നക്ഷത്രമണ്ഡലങ്ങളിലൂടെയുമായിരിക്കുമല്ലോ ഗ്രഹങ്ങള്‍ കടന്നുപോയിക്കൊണ്ടിരിക്കുക. ഗ്രഹങ്ങള്‍ അപ്പോള്‍ കൃത്യം നക്ഷത്രത്തിന്റെ ഏതു പാദത്തിലായിരുന്നുവെന്ന് വെളിപ്പെടുത്തുന്നതാണ് നവാംശകം. ഗഹനമായ സാങ്കേതിക വിഷയമാണത് എന്നാലും പരമാവധി ചുരുക്കിപ്പറയാം.   

അശ്വതി മുതല്‍ ഓരോ നക്ഷത്രത്തിന്റെയും പാദങ്ങള്‍ ഇടമുറിയാതെ പന്ത്രണ്ട് രാശികളിലായി രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നതാണ് നവാംശകത്തിലെ രീതി. അശ്വതിയുടെ നാലുപാദങ്ങള്‍ ഇപ്രകാരമാണ്: മേടം രാശിയില്‍ ഒന്നാം പാദം, ഇടവം രാശിയില്‍ രണ്ടാം പാദം , മിഥുനം രാശിയില്‍ മൂന്നാം പാദം, കര്‍ക്കിടകം രാശിയില്‍ നാലാംപാദം എന്നിങ്ങനെ കുറിക്കും. രണ്ടാം നക്ഷത്രമായ ഭരണിയുടെ ഒന്നാംപാദം ചിങ്ങം രാശിയിലും രണ്ടാം പാദം കന്നിയിലും മൂന്നാം പാദം തുലാത്തിലും നാലാംപാദം വൃശ്ചികത്തിലും കണക്കാക്കുന്നു. പിന്നെ മൂന്നാം നക്ഷത്രമായ കാര്‍ത്തികയുടെ ഒന്നാം പാദം ധനുരാശിയിലും രണ്ടാംപാദം മകരത്തിലും മൂന്നാം പാദം കുംഭത്തിലും നാലാം പാദം മീനത്തിലും സന്നിവേശിക്കുന്നു. അങ്ങനെ മൂന്നു നക്ഷത്രങ്ങളുടെ നാലു വീതമുള്ള പന്ത്രണ്ട് പാദങ്ങള്‍ പന്ത്രണ്ട് രാശികളിലായിക്കഴിഞ്ഞു. ഇനി രോഹിണി ഒന്നാം പാദം മേടത്തില്‍ മുതല്‍ തുടങ്ങും. കര്‍ക്കിടകം രാശിയില്‍ നാലു പാദങ്ങളും കഴിയും.  മകയിരത്തിന്റെ നാലു പാദങ്ങള്‍ ചിങ്ങം തൊട്ട് വൃശ്ചികം വരെ. അടുത്ത നക്ഷത്രമായ തിരുവാതിരയുടെ നാലു പാദങ്ങള്‍ ധനു മുതല്‍ മീനം വരെ. വീണ്ടും പുണര്‍തം മുതല്‍ ഓരോ പാദങ്ങള്‍ മേടം മുതല്‍ തുടങ്ങുകയായി.   

ഓരോ രാശിയുടെ നവാംശകത്തിലും ഒമ്പത് നക്ഷത്രപാദങ്ങള്‍ വരികയാണ്. മേടം രാശിയില്‍ അശ്വതി, രോഹിണി, പുണര്‍തം, മകം, അത്തം, വിശാഖം, മൂലം, തിരുവോണം, പൂരുരുട്ടാതി എന്നീ ഒമ്പത് നക്ഷത്രങ്ങളുടെ ഒന്നാം പാദം വരുന്നു. അപ്പോള്‍ അശ്വതി, ഭരണി, കാര്‍ത്തിക കാല്‍ എന്നിവയില്‍ ജനിച്ചവര്‍ക്ക് മാത്രമല്ല മുകളില്‍ പറഞ്ഞ ഒമ്പത് നക്ഷത്രങ്ങളുടെ ഒന്നാം പാദത്തില്‍ ജനിച്ചവര്‍ക്കും മേടം രാശിയുടെയും, അതിന്റെ അധിപനായ ചൊവ്വയുടെയും പ്രകൃതം ഭവിക്കുകയാണ്! ഇങ്ങനെ നവാംശക ചക്രത്തിലും പന്ത്രണ്ട് രാശികളിലായി ഒമ്പത് നക്ഷത്രപാദങ്ങള്‍ വരുന്നുണ്ട്. ഗ്രഹങ്ങള്‍ ഏത് നക്ഷത്രപാദത്തിലാണ് ജനനവേളയില്‍ സഞ്ചരിച്ചുകൊണ്ടിരുന്നതെന്ന് അതില്‍ നിന്നും വ്യക്തമാവുകയും ചെയ്യും. സങ്കീര്‍ണ വിഷയമാകയാല്‍ സാധാരണക്കാര്‍ക്ക്  മനസ്സിലായിക്കൊള്ളണമെന്നില്ല, ഇക്കാര്യങ്ങള്‍.  

ഒരു ചോദ്യമുണ്ട്. (പണ്ഡിതന്മാര്‍ക്കല്ല കേട്ടോ) അതിന്റെ ഉത്തരം ചുവട്ടില്‍ എഴുതുക. പൂയം നക്ഷത്രത്തിന്റെ കൂറ് ഏതാണ്, നവാംശകത്തില്‍ അതിന്റെ നാലുപാദങ്ങള്‍ ഏതേത് രാശികളില്‍ വരുന്നു.? ശരിയുത്തരം നാളത്തെ ലേഖനത്തില്‍ പറയുന്നതായിരിക്കും.  

നക്ഷത്രപാദങ്ങളില്‍ ജനിച്ചാലുള്ള ഫലം ഞാനഴുതിയ ഓരോ നക്ഷത്ര പുസ്തകങ്ങളിലും വിശദമാക്കിയിട്ടുണ്ട്.


പുസ്തകങ്ങള്‍ വാങ്ങാനായി വിളിക്കുകയോ വാട്ട്‌സാപ്പ് അയക്കുകയോ ചെയ്യുക...
ഫോണ്‍:98460 23343

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

'പുഷ്ടി നല്‍കുന്ന പൂഷാവ് ....'

കരണം എന്നാല്‍