കിരീടവും ചെങ്കോലും

ലേഖനം: 54

സൂര്യനെക്കുറിച്ച്

എസ്. ശ്രീനിവാസ് അയ്യര്‍
അവനി പബ്ലിക്കേഷന്‍സ്
98460 23343

മേടമാസം എന്നാല്‍ ജ്യോതിഷ ഭാഷയില്‍ സൂര്യന്‍ മേടം രാശിയിലൂടെ സഞ്ചരിക്കുന്ന കാലമാണ്. മേടം രാശി ചൊവ്വയുടെ സ്വക്ഷേത്രമാണ്. കാലപുരുഷന്റെ ശിരസ്സിനെ സൂചിപ്പിക്കുന്ന രാശിയുമാണ്. ആഗ്‌നേയതത്ത്വ രാശിയും ചരരാശിയും കിഴക്കന്‍ രാശിയുമാണ്. മേടക്കൂറില്‍ മൂന്ന് നക്ഷത്രങ്ങളാണ് ഉള്ളത്. അശ്വതിയും ഭരണിയും കാര്‍ത്തിക ഒന്നാം പാദവും.    

നവഗ്രഹ ചക്രവര്‍ത്തിയായ സൂര്യന്റെ ഉച്ചരാശിയാണ് മേടം. അതില്‍ തന്നെ പത്തുഡിഗ്രി അഥവാ പത്തുതീയതി പരമോച്ചസ്ഥാനങ്ങളുമാണ്. (പത്താമുദയം എന്ന വാക്ക് ഓര്‍ക്കാം) സൂര്യന്‍ ഉച്ചത്തിലും പരമോച്ചത്തിലുമായി സഞ്ചരിക്കുന്ന കാലമാകയാല്‍ സൂര്യ വ്യക്തിത്വമുള്ളവര്‍ക്ക് പലനിലയ്ക്കും ശോഭിക്കാന്‍ കഴിയുന്ന മാസമായിരിക്കും, മേടമാസം. അവര്‍ക്ക് അധികാരം കൂടും. പദവികളേറും. 'സഹ്യനെക്കാള്‍ തലപ്പൊക്കത്തോടെ' നടക്കാന്‍ അവസരം സഞ്ജാതമാകും. രാഷ്ട്രീയ ഗ്രഹമാണ് സൂര്യന്‍. അതിനാല്‍ രാഷ്ട്രീയത്തിലും ഭരണത്തിലും പൊതുരംഗത്തും ഒക്കെയുള്ളവര്‍ ഇക്കാലത്ത് കൂടുതല്‍ പ്രതാപികളായി മാറും. 'കല്പന കല്ലേപ്പിളര്‍ക്കും' എന്ന മട്ടില്‍ സുഗ്രീവാജ്ഞക്കാരായി മാറും. എതിര്‍പ്പുകളുടെ മേല്‍ ഉച്ചവെയിലിന്റെ കാഠിന്യമായി ജ്വലിച്ചുനില്‍ക്കും. നെഞ്ച് വിരിച്ചുനിന്നുകൊണ്ട് ആള്‍ക്കൂട്ടത്തില്‍ അലിയാതെ, സ്വന്തം നിലപാടുതറകളില്‍ മദ്ധ്യാഹ്ന സൂര്യനെപ്പോലെ പ്രചണ്ഡത കൈക്കൊള്ളും.

ആരാണീ സൂര്യ മനുഷ്യരെന്നല്ലേ? അതിന്റെ ഉത്തരം  ജ്യോതിഷപണ്ഡിതന്മാര്‍ക്ക് ഒരു തര്‍ക്കവിഷയമായിരിക്കാം; എന്നിരുന്നാലും ഇനിപ്പറയുന്നവരൊക്കെ  അക്കൂട്ടത്തിലുണ്ടാവും.  

ജന്മനക്ഷത്രം കാര്‍ത്തിക, ഉത്രം, ഉത്രാടം, മകം, പൂരം എന്നിവയാവുക. ജന്മ ലഗ്‌നം മേടമോ ചിങ്ങമോ ആവുക. സ്വന്തം ഗ്രഹനിലയില്‍ സൂര്യന്‍ ഉച്ചരാശിയിലോ (മേടം), സ്വക്ഷേത്രത്തിലോ (ചിങ്ങം) സ്ഥിതി ചെയ്യുക, നവാംശകത്തില്‍ സൂര്യന്‍ ഉച്ച / സ്വക്ഷേത്രത്തിലായിരിക്കുക തുടങ്ങിയവ ഒരു സൂര്യവ്യക്തിത്വത്തിന്റെ മുഖ്യസൂചകങ്ങളാണ്; അഥവാ സൂര്യ മനുഷ്യരുടെ പ്രധാന ലക്ഷണങ്ങളാണ്.   

ഞായറാഴ്ച ജനിക്കുക, പകലത്തെ സൂര്യഹോരയില്‍ ജനിക്കുക മുതലായവയും സൂര്യവ്യക്തിത്വത്തെ സൂചിപ്പിക്കുന്ന കാര്യങ്ങളാണ്. വേറെയും ഘടകങ്ങളുണ്ട്. എല്ലാം വിവരിക്കാന്‍ മുതിരുന്നില്ല. ഇവയെല്ലാം സാങ്കേതിക കാര്യങ്ങളാണ്. സാധാരണ വായനക്കാര്‍ക്ക് മനസ്സിലായിക്കൊള്ളണമെന്നില്ല.   

ഒരു സൂര്യ വ്യക്തിക്കെന്നപോലെ അയാളുടെ പിതാവിനും കറകളഞ്ഞ ശിവഭക്തി/ രാഷ്ട്രീയ താത്പര്യം/ അധികാരത്തോടും സ്ഥാനമാനങ്ങളോടും ആസക്തി എന്നിവയുണ്ടായിരിക്കും. സൂര്യനെ പാപഗ്രഹമായി പറയുമെങ്കിലും ഒരു സാത്വികഗ്രഹവുമാണ്. ആ വിശുദ്ധിയും സൂര്യ വ്യക്തിയില്‍ നിറയും. ചടുലവും ലക്ഷ്യബോധത്തോടു കൂടിയതുമാണ് സൂര്യവ്യക്തികളുടെ പ്രവര്‍ത്തനരീതി. Activate ആവാന്‍ ഒട്ടുമില്ല വിളംബം. പെട്ടെന്നുതന്നെ  പ്രവര്‍ത്തന സജ്ജരാകും എന്ന് സാരം. 'അഥോര്‍ദ്ധ്വ ദൃഷ്ടി ദിനനാഥ ഭൗമോ' എന്ന ജാതകപാരിജാത വാക്യം ചൂണ്ടിക്കാട്ടുന്നത് സൂര്യനും ചൊവ്വയും മുകളിലോട്ട് നോക്കുന്ന ഗ്രഹങ്ങളെന്നാണ്. ചിലപ്പോഴെങ്കിലും ചില കാര്യങ്ങളോട് അനാസക്തിയും മമതാ രാഹിത്യവും സൂര്യമനുഷ്യര്‍ പുലര്‍ത്തിയേക്കും എന്നതും ആ വാക്യത്തില്‍ അന്തര്‍ലീനമാണ്.

ചുരുക്കത്തില്‍ മേടമാസം എന്നത് ഗ്രഹചക്രവര്‍ത്തിയായ സൂര്യന്‍ കിരീടവും ചെങ്കോലുമായി സിംഹാസനസ്ഥനായിരിക്കുന്ന കാലമാണ്. അങ്ങനെയാണ് ജ്യോതിഷം വ്യക്തമാക്കുന്നത്.  

എല്ലാം ഒരു ചെറുലേഖനത്തില്‍ ഒതുക്കാനാവില്ല. ഇനിയുമുണ്ട് ഇങ്ങനെ എഴുതാന്‍ പലതും. അവ മറ്റൊരു വേളയിലാവാം.


പുസ്തകങ്ങള്‍ വാങ്ങാനായി വിളിക്കുകയോ വാട്ട്‌സാപ്പ് അയക്കുകയോ ചെയ്യുക...
ഫോണ്‍:98460 23343

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

ശനിക്ക് ഒരു രഹസ്യമുണ്ട്. എന്താണ് ശനിയുടെ മർമ്മം? ആ രഹസ്യം തുറക്കും താക്കോൽ ഇതാ ഇവിടെ

ഒരു നക്ഷത്രം, പല അനുഭവം