വിഷുഫലം

ലേഖനം: 53

പന്ത്രണ്ട് കൂറുകളെ / 27 നക്ഷത്രങ്ങളെ മുന്‍ നിര്‍ത്തി. കൊല്ലവര്‍ഷം1196 /  ഇംഗ്ലീഷ് വര്‍ഷം 2021

എസ്. ശ്രീനിവാസ് അയ്യര്‍
അവനി പബ്ലിക്കേഷന്‍സ്
9846023343

എല്ലാ ജ്യോതിഷ വിശ്വാസികള്‍ക്കും ഐശ്വര്യപൂര്‍ണമായ വിഷു ആശംസിക്കുന്നു.  

ഇവിടെ നല്‍കുന്ന ഫലങ്ങള്‍ പാരമ്പര്യനിയമങ്ങള്‍ അവലംബിച്ചു കൊണ്ടുള്ള വിഷുഫലങ്ങളല്ല. വിഷു മുതല്‍ തുടങ്ങുന്ന ഒരു പുതുവര്‍ഷത്തിന്റെ ഫലങ്ങളെന്ന നിലക്കാണ്. അവരവരുടെ ഗ്രഹനില അവലംബിച്ചുള്ള ഫലങ്ങള്‍ക്കാണ് പ്രാധാന്യം എന്നോര്‍ക്കുമല്ലോ?

മേടക്കൂറിന് (അശ്വതി, ഭരണി, കാര്‍ത്തിക കാല്‍) ധനവരവ് അധികരിക്കും. ചിരകാലാഭിലാഷങ്ങള്‍ പൂവണിയും. പിതൃസ്വത്തിന്മേല്‍ അവകാശം കൈവരും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആശിച്ച തൊഴില്‍ ലഭിക്കും. അവിവാഹിതര്‍ക്ക് വിവാഹയോഗമുണ്ട്. എന്നാല്‍ പത്തിലെ ശനിസ്ഥിതി മൂലം തൊഴിലിടം അശാന്തമായിരിക്കും. രണ്ടിലെ രാഹു വാഗ്വാദങ്ങളിലേക്ക് വലിച്ചിഴക്കും. കര്‍ക്കിടകം-കന്നി- തുലാം മാസങ്ങളില്‍ കൂടുതല്‍ ശ്രദ്ധവേണം. രാഹുകേതുക്കളുടെ  ദശാപഹാരാദികള്‍ അനുഭവിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത കാട്ടണം. ശനി- ശാസ്തൃ- നാഗരാജ ഭജനം ഉത്തമം.    

ഇടവക്കൂറിന് (കാര്‍ത്തിക മുക്കാല്‍, രോഹിണി, മകയിരം പകുതി) ഗുണ-ദോഷ സമ്മിശ്രമായ വര്‍ഷമാണ്. ആരോഗ്യസ്ഥിതി കൂടുതല്‍ കരുതലാവശ്യപ്പെടുന്നുണ്ട്. ഗാര്‍ഹിക രംഗത്ത്, വിശിഷ്യാ ദാമ്പത്യത്തില്‍ സുഖോഷ്മളത കുറയാം. ധനസ്ഥിതി ഏറ്റക്കുറച്ചിലോട് കൂടിയതാവും. എന്നാലും ദൈവാധീനമുണ്ടാവും. അപ്രതീക്ഷിത നേട്ടങ്ങള്‍, സഹോദര- മിത്രാദികളുടെ അനുകൂല നിലപാട് എന്നിവ വലിയ മാനസികോര്‍ജം പകരും. വിദ്യാര്‍ത്ഥികള്‍ക്ക് ഭേദപ്പെട്ട പരീക്ഷാവിജയവും ആശിച്ച വിഷയങ്ങളില്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യതയും സിദ്ധിക്കും. ഇടവക്കൂറുകാര്‍ മഹാലക്ഷ്മി,  മഹാവിഷ്ണു, നാഗദൈവങ്ങള്‍ എന്നിവരെ വഴിയാംവണ്ണം പ്രാര്‍ത്ഥിക്കണം.   

മിഥുനക്കൂറിന് (മകയിരം രണ്ടാം പകുതി. തിരുവാതിര, പുണര്‍തം മുക്കാല്‍) വര്‍ഷത്തിലധികപങ്കും വ്യാഴം ഭാഗ്യസ്ഥാനത്ത് സ്ഥിതി ചെയ്യുന്നത്  തൊഴില്‍ മേഖലയില്‍ കുതിച്ചുചാട്ടത്തിനിടവരുത്തും. വിദ്യാര്‍ത്ഥികള്‍ക്ക് സമുന്നതവിജയവും പഠനത്തിന് സര്‍ക്കാരില്‍ നിന്നും സാമ്പത്തികാനുകൂല്യവും ലഭിക്കും. ഗൃഹത്തില്‍ സമധാനവും ശ്രേയസ്സും പുലരും. വീട് മോടി പിടിപ്പിക്കാനോ പുതിയ വീട് / വാഹനം എന്നിവ വാങ്ങാനോ സാധ്യതയുണ്ട്. പൊതുവേ ഭാഗ്യകടാക്ഷമുളള വര്‍ഷമാണ്. പന്ത്രണ്ടിലെ രാഹുവും അഷ്ടമശനിയും ക്ലേശങ്ങള്‍, പാഴ്‌ച്ചെലവുകള്‍, രോഗ ദുരിതങ്ങള്‍, ദുഷ്‌കീര്‍ത്തി എന്നിവ സൃഷ്ടിക്കാന്‍ കെല്പുള്ളവരാണ്. ശനിയാഴ്ച സൂര്യോദയം മുതല്‍ ഒരു മണിക്കൂര്‍ ശനി മന്ത്രജപവും (ഓം ശനൈശ്ചരായ നമ:) ശാസ്തൃഭജനവും ഒഴിവാക്കരുത്. ആയില്യം നാളില്‍ നാഗരാജ പ്രാര്‍ത്ഥനയും വേണ്ടതുണ്ട്. മേടം, ഇടവം, കന്നി, തുലാം മാസങ്ങളില്‍ നവസംരംഭങ്ങളില്‍ ഏര്‍പ്പെടാതിരിക്കുന്നതാണ് കരണീയം. 

കര്‍ക്കിടകക്കൂറിന് (പുണര്‍തം നാലാം പാദം, പൂയം, ആയില്യം) പതിനൊന്നിലെ രാഹു സ്ഥിതിമൂലം ധനവൃദ്ധിയും സുഖഭോഗങ്ങളുമേറും. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അവസരോചിത നിലപാടുകളിലൂടെ അധികാരസോപാനങ്ങളില്‍ കയറിക്കൂടും. പക്ഷേ നന്മതിന്മകള്‍, കഷ്ടനഷ്ടങ്ങള്‍ എന്നിവ കലര്‍ന്നതാണ് ജീവിതമെന്ന ബോധ്യമേറുന്ന വര്‍ഷവുമാണ്. കണ്ടകശനിദോഷം ഉള്ളതിനാല്‍ ദാമ്പത്യ ജീവിതത്തില്‍ ഏറ്റവും കരുതല്‍ വേണം. സന്താനക്ലേശം, ഒപ്പമുള്ളവരില്‍ നിന്നും തിരിച്ചടികള്‍ , ജീവിത ശൈലീരോഗങ്ങള്‍  ഇവയെ കരുതണം. വലിയ മുതല്‍മുടക്കുകള്‍ വേണ്ട സംരംഭങ്ങള്‍ നീട്ടിവെക്കുന്നതാവും ഉചിതം. ദോഷശാന്തിക്കായി ശനിയാഴ്ചവ്രതം, വ്യാഴാഴ്ചകളില്‍ വിഷ്ണുഭജനം/ വിഷ്ണുസഹസ്രനാമ പാരായണം എന്നിവ അനുഷ്ഠിക്കണം.    

ചിങ്ങക്കൂറിന് (മകം, പൂരം, ഉത്രം കാല്‍) ഗുണപ്രധാനമായ വര്‍ഷമാണ്. ശത്രുക്കളെ നിഷ്പ്രഭരാക്കാനാവും. പ്രവര്‍ത്തനമികവിലൂടെ വലിയ പദവികള്‍ നേടാനവസരം വന്നെത്തും. ഉപദ്രവകാരികളായിരുന്ന രോഗങ്ങള്‍ക്ക് ഉചിതമായ ചികിത്സ നടത്തും. അവിവാഹിതര്‍ക്കും, പുനര്‍വിവാഹം ആഗ്രഹിക്കുന്നവര്‍ക്കും അഭിലാഷ സഫലീകരണത്തിന്റെ വര്‍ഷമാണ്. വിദേശപഠനം, വിദേശതൊഴില്‍ ഇവയും സാധ്യതകളാണ്. പത്തിലെ രാഹുസ്ഥിതി മൂലം തീര്‍ത്ഥാടനയോഗവുമുണ്ട്. മനക്ലേശം, മാതാവിനോ മാതൃതുല്യര്‍ക്കോ അനാരോഗ്യം, ഗൃഹച്ഛിദ്രം എന്നിവ വിപരീതഫലങ്ങള്‍. ചതുര്‍ത്ഥീതിഥിയില്‍ ഗണപതിഹോമം, വിധിയാംവണ്ണം  ദേവീഭജനം എന്നിവ ദോഷശാന്തികരമാണ്.   

കന്നിക്കൂറിന് (ഉത്രം മുക്കാല്‍, അത്തം, ചിത്തിര ആദ്യ പകുതി) സാമ്പത്തിക രംഗം മെച്ചപ്പെടും. കര്‍മ്മമേഖലയിലെ പ്രശ്‌നങ്ങളെ സധീരം നേരിട്ടും ഉചിതമായ പോംവഴികള്‍ കണ്ടെത്തിയും മുന്നോട്ടുപോകും. പതിവിലധികം അധ്വാനം വേണ്ടി വരും ലക്ഷ്യത്തിലെത്താന്‍. വീടോ വാഹനമോ സ്വന്തമാക്കും. ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. വിദേശത്ത് പോകാന്‍  ആഗ്രഹിക്കുന്നവര്‍ക്ക് കാലം അനുകൂലമാണ്. ചില ആരോഗ്യപ്രശ്‌നങ്ങള്‍, ഗാര്‍ഹികമായ പ്രതിസന്ധികള്‍ എന്നിവയെ അഭിമുഖീകരിക്കേണ്ടി വരാം. ദോഷപരിഹാരത്തിനായി നവഗ്രഹഭജനം, ശിവ- വിഷ്ണുഭജനം എന്നിവ അനിവാര്യമാണ്. 

തുലാക്കൂറിന് (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം മുക്കാല്‍) ഈശ്വരാധീനമുള്ള വര്‍ഷമാണ്. ന്യായമായ ആഗ്രഹങ്ങള്‍ നിറവേറപ്പെടും. അഭ്യസ്തവിദ്യര്‍ക്ക് യോഗ്യതക്കനുസരിച്ച തൊഴില്‍ ലഭിക്കും. കര്‍മ്മരംഗത്ത് സ്ഥാനക്കയറ്റവും വേതനവര്‍ദ്ധനവും ഉണ്ടാവാം. ആരോഗ്യസ്ഥിതി മെച്ചപ്പെടും. പൂര്‍വ്വിക സ്വത്തുക്കളിന്മേലുണ്ടായിരുന്ന തര്‍ക്കം പരിഹൃതമാകും. പ്രണയികള്‍ക്ക് ദാമ്പത്യ ജീവിതത്തില്‍ പ്രവേശിക്കാന്‍ കഴിയും. സന്താനങ്ങള്‍ക്ക് മേന്മയുണ്ടാവും. നാലിലെ കണ്ടകശനി ദോഷം മാറാന്‍ ശനിയാഴ്ച വ്രതവും ശിവ-ശാസ്തൃ ഭജനവും മുടക്കരുത്.   

വൃശ്ചികക്കൂറിന് (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട) മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മെച്ചപ്പെട്ട ഫലങ്ങളുണ്ടാകും. ഉന്നതസ്ഥാനം വഹിക്കുന്നവര്‍ പിന്തുണക്കും. വായ്പകള്‍ അനുവദിച്ചു കിട്ടുന്നതിലൂടെയും മറ്റും ധനക്ലേശത്തിന് താത്ക്കാലിക ഇളവ് ലഭിക്കും. എതിര്‍പ്പുകളെ നിസ്സാരമാക്കി മുന്നോട്ടു നീങ്ങും. ഗൃഹനിര്‍മ്മാണം തുടങ്ങാനിടയുണ്ട്. വാഹനഭാഗ്യവും പറയാം. പുതുസൗഹൃദങ്ങള്‍ മനസ്സിന് സന്തോഷമേകും. അവിവാഹിതര്‍ക്ക് വിവാഹസിദ്ധിക്ക് അല്പംകൂടി കാത്തിരിക്കേണ്ടിവന്നേക്കാം. രാഹു-കേതുക്കളുടെ ദോഷശാന്തിക്കായി നാഗദൈവങ്ങള്‍ക്ക് നൂറുംപാലും, ആയില്യപൂജ എന്നിവ ഭക്തിപുരസ്സരം സമര്‍പ്പിക്കണം.      

ധനുക്കൂറിന് (മൂലം, പൂരാടം, ഉത്രാടം കാല്‍) ഗുണദോഷങ്ങള്‍ സമ്മിശ്രമായി വരുന്ന വര്‍ഷമാണ്. ഏഴര ശനിയുടെ ക്ലേശങ്ങള്‍ ഒരു ഭാഗത്തുണ്ട്. വ്യാഴത്തിന്റെ ആനുകൂല്യത്തിനും നേരിയ മങ്ങലുണ്ട്. എന്നാലും കാര്യങ്ങള്‍ നടന്നുകൂടുന്ന വര്‍ഷം തന്നെയാണ്. ആറിലെ രാഹു അപ്രതീക്ഷിതമായ നേട്ടങ്ങള്‍ക്കും ധനലാഭത്തിനും അവസരമുണ്ടാക്കും. കര്‍മ്മമേഖലയില്‍ കഴിവ് പ്രദര്‍ശിപ്പിക്കാന്‍ അവസരം സിദ്ധിക്കും. ഗൃഹനിര്‍മ്മാണം പതുക്കെയാണെങ്കിലും മുന്നോട്ടു പോകും. വലിയ മുതല്‍മുടക്കുള്ള സംരംഭങ്ങള്‍ തുടങ്ങാന്‍ കുറച്ചുകാലം കൂടി കാത്തിരിക്കേണ്ടതുണ്ട്. ആര്യോഗ്യപരിശോധനകളില്‍ അലംഭാവമരുത്.   ഏകാഗ്രതയോടെയുള്ള ശിവക്ഷേത്രദര്‍ശനം, വിഷ്ണുഭജനം, ശാസ്തൃമന്ത്രജപം (ഓം ശനൈശ്ചരായ നമ:) എന്നിവ ദോഷനിവൃത്തിക്കും ഭാഗ്യപുഷ്ടിക്കും അനിവാര്യമാണ്. 

മകരക്കൂറിന് (ഉത്രാടം മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി) മെച്ചപ്പെട്ട ഫലങ്ങള്‍ പ്രതീക്ഷിക്കാം. ഏഴര ശനിയിലെ ജന്മശനിക്കാലമാണെങ്കിലും വ്യാഴാനുകൂല്യം ഉണ്ടാകും. പണക്കഷ്ടം ഒരു പരിധിവരെ പരിഹരിക്കപ്പെടും. ബന്ധുമിത്രാദികള്‍ പിണക്കം തീര്‍ന്ന് ഒത്തുചേരും. സമൂഹമധ്യത്തില്‍ സല്‍പ്പേരുണ്ടാകും. പുതുമയുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. പുതു ചികിത്സമൂലം രോഗം ഭേദമാകും. സന്താനങ്ങളുടെ വിദേശപഠനത്തില്‍ തീരുമാനം വൈകും. വിനോദയാത്രകള്‍ക്ക് സമയം കണ്ടെത്തും. നിക്ഷേപങ്ങളില്‍ നിന്നും/ ഊഹക്കച്ചവടത്തില്‍ നിന്നും ആദായമുണ്ടാകും. അനാവശ്യമായ മാനസിക പിരിമുറുക്കം കുറയ്ക്കണം. നിഷ്ഠയോടുകൂടിയ ശാസ്തൃഭജനം ദോഷനിവൃത്തിക്കും ശ്രേയസ്സിനുമുതകും.  

കുംഭക്കൂറിന് (അവിട്ടം രണ്ടാം പാദം, ചതയം, പൂരുരുട്ടാതി മുക്കാല്‍) ഗുണ പ്രധാനവും ഉത്ക്കര്‍ഷമുണ്ടാക്കുന്നതുമായ വര്‍ഷമാണ്. എങ്കിലും വെല്ലുവിളികളും പരീക്ഷണങ്ങളും ഉണ്ടാവും. പന്ത്രണ്ടിലെ ശനി, ജന്മവ്യാഴം, നാലിലെ രാഹു എന്നിവ കര്‍മ്മരംഗത്തിലും കുടുംബ ജീവിതത്തിലും പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കാം. ചെറിയ വിജയം നേടാന്‍ കൂടുതല്‍ വിയര്‍പ്പൊഴുക്കേണ്ടിവരും. എന്നാലും ചില ആകസ്മിക നേട്ടങ്ങള്‍ക്കും ധനലാഭത്തിനും ഭാഗ്യപുഷ്ടിക്കും സാധ്യതയുമുണ്ട്. സല്‍ക്കാര്യങ്ങള്‍ക്കാവും ചെലവധികവും. മക്കളുടെ വിദ്യാഭ്യാസം, വിവാഹം, ഗൃഹവാഹനാദികള്‍ വാങ്ങാന്‍ എന്നിങ്ങനെ. തീര്‍ത്ഥാടനം മൂലം മാനസികോര്‍ജ്ജമേറും. കഴിവിലധികം നേട്ടങ്ങള്‍ കരഗതമാവുന്നത് ഈശ്വരകടാക്ഷത്താലാണ് എന്ന് വിശ്വസിക്കേണ്ട സാഹചര്യമുണ്ടാകും. നവഗ്രഹങ്ങളെ വിധിപ്രകാരം പ്രാര്‍ത്ഥിക്കുകയും ക്ഷേത്രദര്‍ശനം നടത്തുകയും യഥാശക്തി ദാനധര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യുക.     

മീനക്കൂറിന് (പൂരുരുട്ടാതി നാലാം പാദം, ഉത്രട്ടാതി, രേവതി) ആദായം വര്‍ദ്ധിക്കുകയും കര്‍മ്മ പുരോഗതി ഉണ്ടാവുകയും ചെയ്യും. പാരമ്പര്യസ്വത്തിന്മേല്‍ ഉളള വ്യവഹാരം അനുകൂലമായി കലാശിക്കും. വിദേശ യാത്രകള്‍ക്ക്-- പഠനം, തൊഴില്‍-- സാധ്യത തെളിയും. പുതിയ പദവികള്‍ ലഭിക്കും. ചെറുപ്പക്കാരുടെ ഭാവിയെക്കുറിച്ചുള്ള പലതരം ഉത്ക്കണ്ഠകള്‍ക്ക് തീരുമാനമാകും. ഗാര്‍ഹിക ജീവിതം ഒട്ടൊക്കെ സമാധാനകരമാവും. രോഗഗ്രസ്തര്‍ക്ക് രോഗം കുറയുക/ നല്ല ചികിത്സ ലഭിക്കുക മുതലായവ ഭവിക്കും. പൊതുവേ മീനക്കൂറുകാര്‍ക്ക് വീട്ടില്‍ നിന്നും അകന്ന് നില്‍ക്കേണ്ട അവസ്ഥ ഉണ്ടായേക്കാം. വ്യാഴപ്രീതിക്കായി മഹാവിഷ്ണുവിനെ ഭജിക്കണം.   

ഇവിടെ വ്യക്തമാക്കിയ പരിഹാരങ്ങള്‍ക്കൊപ്പം കുടുംബദേവത, ദേശദേവത, ഗുരുജനങ്ങള്‍ എന്നിവരെയും വന്ദിക്കേണ്ടതുണ്ട്. അത് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. 

ഇവ സാമാന്യ ഫലങ്ങളാണ്. സ്വന്തം ഗ്രഹനിലയനുസരിച്ചുള്ള ദശാപഹാരഫലങ്ങളാണ് മുഖ്യം. വിഷുഫലം പല നിലയ്ക്കാണ് കണക്കാക്കുക എന്നതിനാല്‍ ഇവിടെ വിവരിച്ച കാര്യങ്ങള്‍  വ്യത്യസ്തരീതിയില്‍ നിര്‍ണയിക്കാറുമുണ്ട്.


പുസ്തകങ്ങള്‍ വാങ്ങാനായി വിളിക്കുകയോ വാട്ട്‌സാപ്പ് അയക്കുകയോ ചെയ്യുക...
ഫോണ്‍:98460 23343

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

ശനിക്ക് ഒരു രഹസ്യമുണ്ട്. എന്താണ് ശനിയുടെ മർമ്മം? ആ രഹസ്യം തുറക്കും താക്കോൽ ഇതാ ഇവിടെ

ഒരു നക്ഷത്രം, പല അനുഭവം