പിറക്കുകയായി പുതുവര്‍ഷം


ലേഖനം: 52

'പ്ലവ' നാമ വര്‍ഷത്തിന്റെ ആദ്യദിനം

എസ്. ശ്രീനിവാസ് അയ്യര്‍
അവനി പബ്ലിക്കേഷന്‍സ്
98460 23343

ഇന്ത്യന്‍ ശകവര്‍ഷം 1943  പിറക്കുന്നു, ഇന്നത്തെ സൂര്യോദയത്തോടെ, (13/04/2021). അങ്ങനെ നോക്കിയാലും ഒരു പുതുവര്‍ഷപ്പുലരിയാണ് അതോടൊപ്പം 'പ്ലവ' വര്‍ഷവും ഇന്ന് തുടങ്ങുന്നു.   

ജ്യോതിഷത്തില്‍ അഞ്ച് പ്രധാനപ്പെട്ട വര്‍ഷഗണനകളുണ്ട്. സൗരം, ബാര്‍ഹസ്പത്യം, സാവനം, ചാന്ദ്രം, നാക്ഷത്രം എന്നിവയാണവ. അവയിലൊന്നായ ചാന്ദ്രവര്‍ഷവും ഇന്ന് ആരംഭിക്കുകയാണ്. പ്രഥമ, ദ്വിതീയ തുടങ്ങിയ തിഥികളെ കേന്ദ്രീകരിച്ചുള്ളതാണ് ചാന്ദ്രവര്‍ഷം. പ്ലവം/പ്ലവ എന്നാണ് ഈ വര്‍ഷത്തിന് പേര്. അതിലെ പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ആദ്യത്തേതായ ചൈത്രമാസത്തിലെ ഒന്നാം തീയതിയാണ് / ശുക്ല അഥവാ വെളുത്തപക്ഷ പ്രഥമാതിഥിയാണ് ഇന്ന്. 

ജ്യോതിഷത്തിലെ/ ഭാരതത്തിലെ ഈ ചാന്ദ്രവര്‍ഷങ്ങള്‍ ആകെ 60 എണ്ണമാണ്. 60 കഴിയുമ്പോള്‍ വീണ്ടും ആവര്‍ത്തിക്കും. കലിയുഗാരംഭം മുതല്‍ ഇതാണ് കണക്ക് എന്നാണ് പണ്ഡിതപക്ഷം. ഈ 60 വര്‍ഷങ്ങള്‍ക്കും പേരുണ്ട്. ആദ്യ വര്‍ഷത്തിന്റെ നാമം 'പ്രഭവം' എന്നാണ്. (60 വര്‍ഷങ്ങളിലേ അവസാന വര്‍ഷത്തിന്റെ പേര് ക്ഷയം എന്നാണ്) അതിനാല്‍ പൊതുവേ ഇവയെ 'പ്രഭവാദി ഷഷ്ടി സംവത്സരങ്ങള്‍'  എന്നുപറയുന്നു. (ഷഷ്ടി എന്നാല്‍ 60. ഷഷ്ടിപൂര്‍ത്തി എന്ന വാക്ക് ഓര്‍ക്കുമല്ലോ?)  

മീനമാസത്തിലെ കറുത്തവാവ് ആണ് ഓരോ നടപ്പ് വര്‍ഷത്തിലെയും അവസാന ദിവസം. കറുത്തവാവ് കഴിയുന്നതിന്റെ പിറ്റേന്നാണ്, അതായത് ശുക്ലപക്ഷ / വെളുത്തപക്ഷ പ്രഥമ മുതല്‍ പുതുവര്‍ഷം സമാരംഭിക്കുകയായി. (ഇന്ന് തുടങ്ങിയ ഈ പ്ലവവര്‍ഷം തീരുന്നതോ? അടുത്ത (2022) മീനമാസത്തിലെ കറുത്തവാവ് കഴിയുന്നതിന്റെ അന്നും)   

'മകരശ്ശനി കുംഭ വ്യാഴം കൊല്ലവര്‍ഷം 1196-ാമാണ്ട് മീനമാസം 30 - ന് (13-04-2021) ചൊവ്വാഴ്ച അശ്വതി നക്ഷത്രവും ശുക്ലപക്ഷ പ്രഥമാതിഥിയും സിംഹക്കരണവും വിഷ്‌കംഭനാമ നിത്യയോഗവും കൂടിയ ദിവസം സൂര്യോദയത്തിന് 'പ്ലവ' നാമ സംവത്സരാരംഭം. ഇപ്രകാരമാണ് പഞ്ചാംഗത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പ്ലവമെന്ന് പേരുള്ള ചാന്ദ്രവര്‍ഷത്തിലെ ഒന്നാം മാസമായ ചൈത്രത്തിലെ ഒന്നാം നാളിലൂടെ നാം കാലത്തിന്റെ അനന്തതയിലേക്ക് ഒരു ചുവടുവെയ്പ് കൂടി നടത്തിയിരിക്കുകയാണ് കര്‍ണ്ണാടക/ ആഡ്രാ/ തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇത് യുഗാദി- ഉഗാദി- എന്ന പേരില്‍ ആഘോഷിക്കുന്നു. 

പ്രഭവ വര്‍ഷം മുതല്‍ ആദ്യ 20 വര്‍ഷങ്ങള്‍ ബ്രഹ്മവര്‍ഷങ്ങള്‍. 21 മുതല്‍ 40 വരെ വിഷ്ണുവര്‍ഷങ്ങള്‍. 41 മുതല്‍ 60 വരെ ശിവ വര്‍ഷങ്ങള്‍. അങ്ങനെയൊരു വിഭജനമുണ്ട്. പ്രഭവത്തില്‍ തുടങ്ങി ക്രമസംഖ്യ 35 ആയി വരുന്ന വര്‍ഷമാണ് ഇന്ന് തുടങ്ങുന്ന പ്ലവ വര്‍ഷം. പേരിനനുസരിച്ചുള്ള ഫലങ്ങളുണ്ടാകും ആ വര്‍ഷത്തില്‍ എന്ന് നിയമങ്ങളിലുണ്ട്. പൊങ്ങിക്കിടക്കുന്നത്, ചാഞ്ചാടുന്നത് തുടങ്ങിയ  അര്‍ത്ഥങ്ങള്‍ പ്ലവം എന്ന പദത്തിന് 'ശബ്ദതാരാവലി' നല്‍കുന്നു. അടുത്ത മീനമാസത്തിലെ കറുത്തവാവ് വരെ നീളുന്ന ഈ പ്ലവ വര്‍ഷത്തില്‍ ജനിക്കുന്നവര്‍ക്കും ഈ ഫലങ്ങള്‍ ഇണങ്ങുമെന്നുമുണ്ട്. ജാതകമെഴുതുമ്പോള്‍ ദൈവജ്ഞന്‍ ചാന്ദ്രവര്‍ഷഫലവും എഴുതാറുണ്ട്.  

ഇതിന് മുന്‍പ് പ്ലവ വര്‍ഷം വന്നത് 60 വര്‍ഷം മുന്‍പാണ്. അതായത് 1961 മാര്‍ച്ച് -ഏപ്രില്‍ മുതല്‍ 1962 മാര്‍ച്ച്-ഏപ്രില്‍ വരെയായിരുന്നു അത്. ഇനി അടുത്ത പ്ലവ വര്‍ഷം വരുന്നതും 60 വര്‍ഷങ്ങള്‍ക്ക് ശേഷമാവും. അതായത് 2081 മാര്‍ച്ച് - ഏപ്രില്‍ മുതല്‍ 2082 മാര്‍ച്ച്-ഏപില്‍ വരെ.   

പ്ലവ വര്‍ഷത്തില്‍ അതിവൃഷ്ടിയുണ്ടാകുമെന്നും സ്ഥലമെല്ലാം ജലമയമായിത്തീരുമെന്നും കൃഷിപ്പിഴകള്‍ വരാമെന്നും ഇവിടെ ചേര്‍ക്കുന്ന പ്രാമാണിക ശ്ലോകം അഭിവ്യക്തമാക്കുന്നു.  'പ്ലവവര്‍ഷേfഖിലാധാത്രീ/ പ്ലവ തുല്യാതി വൃഷ്ടിഭി:/ സ്ഥലം ജലമയം സസ്യ/ ഫലമാകുലമീതിഭി:' (കടപ്പാട് ഡോ.കെ. ബാലകൃഷ്ണ വാര്യരുടെ വലിയ പഞ്ചാംഗം)

ഇനി പ്ലവ വര്‍ഷത്തില്‍ ജനിച്ചാലുള്ള ഫലം നോക്കാം. ശ്ലോകം ഇങ്ങനെയാണ്: 'സുനി ദ്രോ ബഹുഭോഗീ ച/ വ്യവസായീ യശോന്വിത/ പൂജിത: സര്‍വ്വ ലോകാനാം പ്ലവ സംവത്സരേ ഫലം!' (മാനസാഗരി എന്ന ഗ്രന്ഥത്തില്‍ നിന്നും) സാരമിതാണ്: 'പ്ലവ വര്‍ഷത്തില്‍ ജനിക്കുന്നവര്‍ക്ക് ഉറക്കമേറും. അവര്‍ ഏറെ സുഖഭോഗങ്ങളനുഭവിക്കും. കച്ചവടം കൊണ്ട് കീര്‍ത്തിമാന്മാരാകും. എല്ലാവരുടെയും ആദരം നേടിയെടുക്കും'   
എല്ലാ പ്രിയ ജ്യോതിഷ വിശ്വാസികള്‍ക്കും പ്ലവ വത്സരാശംസകള്‍!


പുസ്തകങ്ങള്‍ വാങ്ങാനായി വിളിക്കുകയോ വാട്ട്‌സാപ്പ് അയക്കുകയോ ചെയ്യുക...
ഫോണ്‍:98460 23343

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

ശനിക്ക് ഒരു രഹസ്യമുണ്ട്. എന്താണ് ശനിയുടെ മർമ്മം? ആ രഹസ്യം തുറക്കും താക്കോൽ ഇതാ ഇവിടെ

ഒരു നക്ഷത്രം, പല അനുഭവം