ചലനം, ചലനം, ചലനം
തിരുവോണം, അവിട്ടം, ചതയം, പുണര്‍തം, ചോതി എന്നീ നാളുകളെക്കുറിച്ച്
ഏതെല്ലാം നക്ഷത്രങ്ങളാണ് സ്ഥിരം അഥവാ ധ്രുവം എന്ന വിഭാഗത്തില്‍ വരുന്നതെന്ന് നാം കഴിഞ്ഞദിവസം കണ്ടു. അവയുടെ നാഥന്‍ സൂര്യനാണ് എന്നും മനസ്സിലാക്കി. മറ്റൊരു പ്രധാന വിഭാഗമാണ് ചരം അഥവാ ചലം എന്നത്. ഈ വിഭാഗത്തില്‍ മുകളില്‍ കൊടുത്തിട്ടുള്ള അഞ്ച് നക്ഷത്രങ്ങള്‍ വരുന്നു. ഇവയുടെ അധിപന്‍ ചന്ദ്രനാകുന്നു.
അതിവേഗത്തില്‍ സഞ്ചരിക്കുന്ന ഗ്രഹമാണ് ചന്ദ്രന്‍. രാശിചക്രത്തെ ഇരുപത്തിയേഴുദിവസം കൊണ്ട് ഒരുവട്ടം ചുറ്റിവരും. പന്ത്രണ്ടു രാശികളാണ് രാശി ചക്രത്തിലുള്ളത്. ഓരോ രാശിയേയും കേവലം രണ്ടേകാല്‍ ദിവസം കൊണ്ട് ചന്ദ്രന്‍ മറികടക്കും. പന്ത്രണ്ട് രാശികളിലായി ഇരുപത്തിയേഴ് നക്ഷത്രങ്ങള്‍ അഥവാ നക്ഷത്രമണ്ഡലങ്ങളുണ്ട്. ഒരു നക്ഷത്രമണ്ഡലത്തെ ഒരുദിവസം കൊണ്ട് സഞ്ചരിച്ചുതീര്‍ക്കുന്നു. മറ്റു ഗ്രഹങ്ങളുടെ സഞ്ചാരവേഗം കൂടി നോക്കാം. അപ്പോള്‍ ചന്ദ്രന്റെ ഗതിവേഗം സ്പഷ്ടമാകും.
സൂര്യന്‍, ബുധന്‍, ശുക്രന്‍ എന്നീ ഗ്രഹങ്ങള്‍ക്ക് ശരാശരി 13/14 ദിവസം വേണം ഒരു നക്ഷത്രമണ്ഡലം കടക്കാന്‍. ചൊവ്വയ്ക്ക് 20 ദിവസം വേണം. വ്യാഴം ഏതാണ്ട് അഞ്ചു മാസത്തിലധികം ഒരു നക്ഷത്രമണ്ഡലത്തിലൂടെ നീങ്ങും. ഏകദേശം ഏഴരമാസം വേണം രാഹുകേതുക്കള്‍ക്ക് ഒരു നക്ഷത്രം കടക്കാന്‍. ഏറ്റവും കൂടിയകാലം വേണ്ടിവരുന്നത് ശനിക്കാണ്. 13 / 14 മാസം ശനി ഒരു നക്ഷത്രം കടക്കാന്‍ എടുക്കുന്നു. പടുകൂറ്റനായ ഒരു ആമ നീങ്ങുന്നപോലെ മന്ദതാളത്തിലാണ് മന്ദന്‍ എന്ന് പ്രസിദ്ധി / കുപ്രസിദ്ധി നേടിയ ശനിയുടെ നക്ഷത്ര യാത്ര. (ഇവിടെ പറയുന്നത് സൂക്ഷ്മഗണിതമല്ല, ഏകദേശക്കണക്കാണ്)
തിരുവോണം, അവിട്ടം, ചതയം, പുണര്‍തം, ചോതി എന്നിവയഞ്ചുമാണ് ചര / ചല നക്ഷത്രമെന്ന് വ്യക്തമാക്കി. ഈ വിഭാഗത്തിന്റെ നാഥന്‍ ചന്ദ്രനാണെന്നും മനസ്സിലാക്കുകയുണ്ടായി. ഈ നാളുകാര്‍ക്ക് എപ്പോഴും ചന്ദ്രന്റെ തിടുക്കവും ചലനോര്‍ജ്ജവുമാണ്. 'യഥാ രാജാ തഥാ പ്രജാ' എന്നാണല്ലോ പറയുക. യാത്രകളെ ഏറെ സ്‌നേഹിക്കുന്നവരാണ്. ചെറിയ യാത്രകളാവട്ടെ, വലിയ യാത്രകളാവട്ടെ മനസ്സ് ഔല്‍സുക്യത്തിലാണ്. അതില്‍ മടുപ്പും ചെടിപ്പുമില്ല. മുന്‍കൂട്ടി ഒരുങ്ങും. അതിനവസരം കിട്ടിയില്ല എന്നുവന്നാലും മടിച്ചിരിക്കില്ല. പെട്ടെന്ന് സജ്ജരാവും. ഭൂഗോളത്തെ ഉള്ളംകൈയ്യിലെ നെല്ലിക്കയായി കാണാന്‍ ഇഷ്ടപ്പെടുന്നവരാണ്. മറ്റുള്ളവരുമായി ബന്ധിപ്പിച്ച് നോക്കിയാല്‍ ഇവര്‍ക്ക് ദൈനന്ദിന ജീവിതത്തില്‍ തന്നെ കുറേയാത്രകള്‍ വേണ്ടിവരുന്ന സ്ഥിതിയുണ്ടാവും. ഗാര്‍ഹികമായും തൊഴില്‍പരമായും ഒക്കെ. യാത്രകള്‍ മാനസികോര്‍ജം നല്‍കുന്നുണ്ട് ഇവര്‍ക്ക് എന്നതില്‍ തര്‍ക്കമില്ല. എങ്കില്‍ത്തന്നെയും അതിന്റെ സൗന്ദര്യം എത്രകണ്ട് ആസ്വദിക്കുന്നുവെന്നത് സംശയകരമാണ്. ഒരു ഷേക്‌സ്പിയര്‍ വചനമുണ്ട്: 'More in Matter less in Art 'എന്ന്. ഇവര്‍ക്ക് ചലനം എന്നത് ഒരു ചര്യ എന്നതിനപ്പുറം ഒരു ചമല്‍ക്കാരമാകുന്നില്ല എന്ന് തോന്നുന്നു.
ചര /ചല നക്ഷത്രങ്ങളുടെ നാഥന്‍ ചന്ദ്രന്‍ ആകയാല്‍ ചന്ദ്രന്റെ വൃദ്ധിക്ഷയത്വം ഇവരെയും പിടികൂടും. ആര്‍ക്കായിരുന്നാലും മനസ്സിന്റെ കാരകന്‍ ചന്ദ്രനാണ്. അതിനാല്‍ ഇവരുടെ മാനസികാവസ്ഥയിലും സന്തോഷസന്താപാദികളായ വികാരങ്ങള്‍ ശക്തമായിരിക്കും. അവയുടെ ആരോഹണാവരോഹണങ്ങള്‍ സകാരണം ആയിക്കൊള്ളണമെന്നുമില്ല. ക്ഷോഭസ്‌തോഭാദികളുടെ സാന്നിദ്ധ്യം പ്രവചനാതീതമാണ് എന്ന് ചുരുക്കം. ചിലപ്പോള്‍ ആകാശനീലിമ ഇരുണ്ട് ആകാശകാളിമയാകാം. സന്തോഷത്തിലുമങ്ങനെതന്നെ; വേലിയേറ്റം അപ്രതീക്ഷിതമാണ്. സാമ്പത്തികം, മറ്റു ഭൗതികകാര്യങ്ങള്‍ എന്നിവയിലുമെല്ലാം ഈ സ്ഥിരാസ്ഥിരത്വം ഭവിക്കാം.
ചര/ ചല നക്ഷത്രങ്ങള്‍ യാത്രാ മുഹൂര്‍ത്തത്തിന് അനുയോജ്യമാണ്. ഗജാശ്വാദികള്‍ വാങ്ങാനും അവയില്‍ ആദ്യമായി കയറാനും ഇവ നന്ന് എന്ന് മുഹൂര്‍ത്തശാസ്ത്രം പറയുന്നു. അതിനെ കാലോചിതമായി വ്യാഖ്യാനിച്ചാല്‍ പുതു വാഹനം വാങ്ങാനും കയറാനും മറ്റും ഉത്തമം എന്ന് സിദ്ധിക്കുകയായി.
ചന്ദ്രന്റെ ദിവസം തിങ്കളാഴ്ചയാകയാല്‍ ഇത്തരം കാര്യങ്ങള്‍ തിങ്കളാഴ്ച ചെയ്യുന്നത് ശ്ലാഘ്യമെന്നുമുണ്ട്. പ്രായേണ ഈ പഞ്ചനക്ഷത്രങ്ങളില്‍ ജനിച്ചവര്‍ക്ക് തിങ്കളാഴ്ച നല്ല ദിവസമായിരിക്കും എന്നും കരുതാവുന്നതാണ്. കുറഞ്ഞപക്ഷം അന്നേദിവസം ചെറുതോ വലുതോ ആയ യാത്രയുടെ സാധ്യത തള്ളിക്കളയാനുമാവില്ല.
'അറിഞ്ഞതില്‍ പാതി പറയാതെപോയി / പറഞ്ഞതില്‍ പാതി പതിരായും പോയി!' എന്ന കവിവാക്യം എത്ര സംഗതമാണ്.! ജ്യോതിഷത്തിന്റെ വൈപുല്യം വിസ്മയകരം തന്നെയാണ്. പക്ഷേ പറഞ്ഞുഫലിപ്പിക്കുക എന്നതാവട്ടെ അത്യന്തം ദുഷ്‌ക്കരമായ ഒന്നാണെന്ന് ഓരോ ലേഖനവും എഴുതിക്കഴിയുമ്പോള്‍ കൂടുതല്‍ കൂടുതല്‍ ബോധ്യമാവുകയുമാണ്.
ഓരോ നക്ഷത്രപുസ്തകത്തിലും ഇത്തരം വിവിധ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.





അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ