ദശകളില്‍ പൂക്കുന്ന ജീവിതം

ഭരണി, പൂരം, പൂരാടം നാളുകാരെക്കുറിച്ച്

എസ്. ശ്രീനിവാസ് അയ്യര്‍
അവനി പബ്ലിക്കേഷന്‍സ്
98460 23343

നക്ഷത്രങ്ങളെ മുന്‍നിര്‍ത്തി സന്നിവേശിക്കപ്പെട്ടിട്ടുള്ള ദശാസമ്പ്രദായമാണ് കേരളത്തില്‍ പ്രചാരത്തിലുള്ളത്. പരാശരന്‍ എന്ന അചാര്യന്‍ സമാരംഭിച്ചതിനാല്‍ ഇത് 'പരാശരീ' എന്നും മനുഷ്യായുസ്സ് ആകെ 120 വര്‍ഷം എന്ന് നിര്‍ണയിച്ചു കൊണ്ടുള്ളതാകയാല്‍  'വിംശോത്തരീ'  എന്നും ഈ ദശാസമ്പ്രദായം അറിയപ്പെടുന്നു. ഒമ്പത് ദശകള്‍ക്കും കൂടി നൂറ്റിയിരുപതുവര്‍ഷം ആണ് ആകെയുള്ള ദശാകാലം. മൂന്നു നക്ഷത്രങ്ങള്‍ക്ക് വീതം ദശാവിന്യാസം ഒരേ രീതിയിലായിരിക്കും. നവഗ്രഹങ്ങളാണ് ദശകളുടെ വിധാതാക്കള്‍. എല്ലാ ഗ്രഹങ്ങളുടെയും ദശാകാലം ഇതില്‍ ഘടിപ്പിച്ചിട്ടുണ്ടാവും. ഇവിടെ ഭരണി, പൂരം, പൂരാടം എന്നീ നാളുകാരുടെ ദശാക്രമം പരിശോധിക്കാം.  

ജന്മദശ ശുക്രനാണ് ഈ മൂന്ന് നാളുകാര്‍ക്കും. ജനനം ശുക്രദശയില്‍ എന്നര്‍ത്ഥം. നക്ഷത്രം തുടങ്ങുന്ന ആ സൂക്ഷ്മസമയബിന്ദുവില്‍ ജനിച്ചാല്‍ മാത്രമാണ് ജന്മദശ (ഇവിടെ ശുക്രദശ) മുഴുവന്‍ ലഭിക്കുക. പണ്ട് ഒരു നക്ഷത്രത്തിന്റെ ദൈര്‍ഘ്യം 60 നാഴികയായി കണക്കാക്കിപ്പോന്നു. ഒരു നാഴിക ഇന്നത്തെ 24 മിനിറ്റാണ്. ശുക്രദശ ഏറ്റവും വലിപ്പമേറിയ ദശയാണെന്നോര്‍ക്കുക 20 വര്‍ഷമാണ് ദശാകാലം. അതായത് 240 മാസം. (ഒരു വര്‍ഷത്തില്‍ 12 മാസം. അങ്ങനെ 20 വര്‍ഷത്തില്‍ ആകെ 240 മാസം). ഓരോ നാഴികയ്ക്കും 4 മാസം എന്നതാണ് 60 നാഴികയായി വിഭജിക്കുമ്പോള്‍ കിട്ടുന്ന ശുക്രദശയുടെ ഒരു യൂണിറ്റ്. (60 നാഴിക x 4 മാസം = 240 മാസം അഥവാ 20 വര്‍ഷം). ഇത് മണിക്കൂറായി സങ്കല്പിച്ചാല്‍ 240 ÷ 24 = 10 മാസം. അതായത് ഭരണി, പൂരം, പൂരാടം നാളുകളില്‍ ജനിച്ചാല്‍ നക്ഷത്രം തുടങ്ങി ഓരോ നാഴിക പിന്നിട്ടാണ് ജനനമെങ്കില്‍ 4 മാസം വീതം ശുക്രദശ കുറയും. മണിക്കൂറില്‍ കണക്കാക്കിയാല്‍ ഓരോ മണിക്കൂര്‍ പിന്നിടുമ്പോഴും ശുക്രദശ 10 മാസം വീതം കുറയും. 

ഒരുദാഹരണം നോക്കാം. പൂരാടം നക്ഷത്രം തുടങ്ങി 5 നാഴിക കഴിഞ്ഞാണ് ജനിച്ചത് എങ്കില്‍ ആ വ്യക്തിക്ക് ശുക്രദശ എത്രയുണ്ടാവും? ആകെയുള്ള നക്ഷത്രത്തിന്റെ 60 ല്‍ 5 എന്നത് 12 ല്‍ 1 ഭാഗമാണ്. അപ്പോള്‍ ശുക്രദശയുടെ ആകെ ദശാവര്‍ഷമായ 20 വര്‍ഷത്തിന്റെ പന്ത്രണ്ടിലൊന്നായ 1 വര്‍ഷവും 8 മാസവും കുറയുന്നു. അപ്പോള്‍ 18 വര്‍ഷവും 4 മാസവും  (18 വയസ്സും 4 മാസവും) മാത്രമാണ് ശുക്രദശയുണ്ടാവുക. പൂരാടം നക്ഷത്രം തുടങ്ങി 5 നാഴിക പിന്നിട്ടാണല്ലോ ജനനം. ഒരു നാഴികയ്ക്ക് ശുക്ര ദശയിലെ മൂല്യം 4 മാസം എന്ന് നാം കണ്ടെത്തിയിട്ടുണ്ട്. അപ്പോള്‍ 5 നാഴിക x 4 മാസം = 20 മാസം എന്നു കിട്ടും. 20 മാസം എന്നാല്‍ 1 വര്‍ഷവും 8 മാസവുമാണല്ലോ! അത് ശുക്രദശയുടെ പരമാവധിയായ 20 വര്‍ഷത്തില്‍ നിന്നും കുറച്ചാല്‍ 18 വര്‍ഷം 4 മാസം എന്ന ഉത്തരം കിട്ടും.   

ഭരണി/പൂരം/ പൂരാടം നക്ഷത്രം തുടങ്ങി ഒരു മണിക്കൂര്‍ കഴിഞ്ഞ് ജനിച്ചാല്‍ ശുക്രദശ 10 മാസം കുറയും. ആ വ്യക്തിക്ക് ശുക്രദശ 19 വര്‍ഷം 2 മാസം വരെ മാത്രമാവും ഉണ്ടാവുക. 2 മണിക്കൂര്‍ കഴിഞ്ഞാലോ? 20 മാസം കുറയും. ശുക്രദശ ബാക്കിയാവുക 18 വര്‍ഷവും 4 മാസവും മാത്രം. നക്ഷത്രം തുടങ്ങി 3 മണിക്കൂര്‍ പിന്നിട്ടാലോ? പിന്നെയും 10 മാസം കുറയും. ശുക്രദശ ശേഷിക്കുക 17 വര്‍ഷവും 6 മാസവും മാത്രം. അഥവാ 17 വയസ്സും 6 മാസവും വരെ.   

ആദ്യദശയ്ക്ക് മാത്രമാണ് ഇപ്രകാരം വ്യതിയാനമുണ്ടാവുക. തുടര്‍ദശകള്‍ അവയുടെ നിശ്ചിത വര്‍ഷങ്ങള്‍ ലഭിക്കും. (ആയുര്‍ബലം പോലെ)     

ഭരണി/പൂരം/പൂരാടം നാളില്‍ ജനിച്ചവര്‍ക്ക് മറ്റു ദശകളുടെ വര്‍ഷം കൂടി നോക്കാം. ശുക്രദശ തീരുന്നതു മുതല്‍ രണ്ടാംദശ എന്ന ക്രമം ആരംഭിക്കും.

        രണ്ടാംദശ ആദിത്യ (രവി) ദശ, 6 വര്‍ഷം. മൂന്നാംദശ ചന്ദ്രദശ, 10 വര്‍ഷം. നാലാംദശ കുജ (ചൊവ്വ) ദശ, 7 വര്‍ഷം. അഞ്ചാംദശ സര്‍പ്പ (രാഹു) ദശ, 18 വര്‍ഷം. ആറാംദശ വ്യാഴ (ഗുരു) ദശ 16 വര്‍ഷം. ഏഴാംദശ മന്ദ (ശനി) ദശ, 19 വര്‍ഷം. എട്ടാം ദശ ബുധദശ, 17 വര്‍ഷം. ഒമ്പതാംദശ, ശിഖി ( കേതു) ദശ, 7 വര്‍ഷം.   

ജന്മശിഷ്ടം കൃത്യമായി അറിയാതെ വരുമ്പോള്‍ ആദ്യദശ പകുതി കണക്കാക്കും. ശുക്രദശയുടെ പകുതി 10 വര്‍ഷമാണല്ലോ. അതു മുതല്‍ രണ്ടാംദശ കണക്കാക്കുന്നു. ഇത് കൃത്യമാവില്ല, ഒരിക്കലും. ഈ രീതിയെ  'അര്‍ദ്ധദശ' എന്ന് പറയുന്നു.

ഓരോ നാളുകാരുടെയും ദശാക്രമങ്ങളും അതിന്റെ ഫലങ്ങളും നക്ഷത്ര പുസ്തകങ്ങളില്‍ വിശദീകരിച്ചിട്ടുണ്ട്.

പുസ്തകങ്ങള്‍ വാങ്ങാനായി വിളിക്കുകയോ വാട്ട്‌സാപ്പ് അയക്കുകയോ ചെയ്യുക...
ഫോണ്‍:98460 23343

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

ശനിക്ക് ഒരു രഹസ്യമുണ്ട്. എന്താണ് ശനിയുടെ മർമ്മം? ആ രഹസ്യം തുറക്കും താക്കോൽ ഇതാ ഇവിടെ

ഒരു നക്ഷത്രം, പല അനുഭവം