' ചരിഞ്ഞും വേഗത്തിലും..'
ആയില്യം നാളുകാരെക്കുറിച്ച്
ജ്യോതിഷകുലഗുരുവായ വരാഹമിഹിരന്‍ തന്റെ പ്രഖ്യാതമായ ഹോരാശാസ്ത്രത്തില്‍ രാശികളെയും അവയില്‍ ജനിക്കുന്ന മനുഷ്യരെയും കുറിച്ച് മര്‍മ്മസ്പര്‍ശിയായ നിരീക്ഷണങ്ങള്‍ നടത്തുന്നു. നമുക്ക് കര്‍ക്കടകക്കൂറുകാരെ പരാമര്‍ശിക്കുന്ന ഭാഗത്തിലേക്ക് ശ്രദ്ധ തിരിക്കാം. മിതവാക്കാണ് മിഹിരാചാര്യന്‍. ആ ഭാഷയാകട്ടെ ധ്വന്യാത്മകവും. ( ആയില്യം കര്‍ക്കടക കൂറില്‍ വരുന്ന നക്ഷത്രമാണല്ലോ)
'ആവക്രദ്രുതഗ: ' എന്നാണ് ആദ്യ വാക്യം. കര്‍ക്കടകക്കൂറുകാര്‍ ചരിഞ്ഞും/വളഞ്ഞും എന്നാല്‍ വേഗത്തിലും നടക്കുന്നവരാണെന്ന് ആചാര്യന്‍ എഴുതുന്നു. അതു ശരിയാവാം. കര്‍ക്കടക രാശിയുടെ നാഥനായ ചന്ദ്രന്‍ ഗ്രഹങ്ങളില്‍ ഏറ്റവും വേഗസഞ്ചാരിയാണ്. പന്ത്രണ്ടു രാശികളെ വെറും ഇരുപത്തിയേഴു ദിവസം കൊണ്ടു ചുറ്റിവരുന്നു. അതാണ് ചന്ദ്രന്റെ ഭ്രമണവേഗത. രാശിചക്രത്തെ ഒന്നു ചുറ്റിവരാന്‍ ശനി എടുക്കുന്നത് മുപ്പതുവര്‍ഷമാണ് എന്നതോര്‍ക്കുക. മറ്റു ഗ്രഹങ്ങളില്‍ നിന്നും ചന്ദ്രന്‍ അതിവേഗഗതിയില്‍ ആണെന്നത് ഇവിടെ ആദ്യം തന്നെ പറയുകയും ചെയ്തല്ലോ. കര്‍ക്കടകക്കൂറിലെ മനുഷ്യരുടെ വേഗത അങ്ങനെ അവരുടെ രാശിനാഥന്റെ പ്രകൃതത്തില്‍ നിന്നും അവരിലേക്ക് സംക്രമിച്ചിരിക്കുകയാണ്.
ആചാര്യന്‍ ധ്വനിപ്പിക്കുന്നത് ഒപ്പമുള്ളവരേക്കാള്‍ , അത് സഹജാതരാവാം, സഹപ്രവര്‍ത്തകര്‍ ആവാം, കര്‍ക്കിടകക്കൂറുകാര്‍ ഏറ്റവും പെട്ടെന്ന് ലക്ഷ്യത്തിലെത്തുന്നു എന്നാണ്. അതാണ് ഇവിടുത്തെ വ്യംഗ്യം. അവരുടെ ആ പ്രവര്‍ത്തന മികവിലേക്കാണ്, ആ ചടുലതയിലേക്കാണ് നമ്മുടെ ശ്രദ്ധ പതിയേണ്ടത്.
അര്‍ജുനവിഷാദയോഗമോ ഇതികര്‍ത്തവ്യതാമൂഢതയോ ഇല്ല. പുനരാലോചനകളില്‍ പള്ളികൊണ്ട് അകര്‍മണ്യതയെ വരിക്കുന്നില്ല. മനസ്സിലുറപ്പിച്ചത്, ചെയ്യാന്‍ കരുതിയത് മുന്‍പിന്‍ നോക്കാതെ പൂര്‍ത്തിയാക്കുകയാണ്. ഗീതയില്‍ പറയുന്ന കര്‍മണ്യതയുടെ അധികാരം ഭംഗിയായി നിറവേറ്റുകയാണ് ആയില്യം നാളില്‍ ജനിച്ചവരുള്‍പ്പെടെ എല്ലാ കര്‍ക്കിടകക്കൂറുകാരും. ഫലം എന്തുമാകട്ടെ അതിനെപ്പറ്റി തെല്ലുമില്ല ആവലാതി..
'ആവക്ര: ' എന്നത് (വളഞ്ഞ/ ചരിഞ്ഞ) ലക്ഷ്യത്തിലേക്കുമാത്രം കണ്ണും നട്ടു കുതിക്കുമ്പോള്‍ സംഭവിച്ചു പോകാന്‍ സാധ്യതയുള്ള ഭ്രംശങ്ങളെ, വൈകല്യങ്ങളെ, പരിമിതികളെ പരോക്ഷമായി സൂചിപ്പിക്കുന്ന പദമാണ്. രാജവഴികള്‍ മാത്രമല്ല ജീവിതയാത്രയില്‍ കുറുക്കു വഴികളും അനിവാര്യമായേക്കും. വിട്ടു വീഴ്ചകളും അനുനയങ്ങളും മനുഷ്യ ജീവിതത്തിന്റെ സഹജഭാവങ്ങളാണ്. എല്ലാവര്‍ക്കും ദേവവ്രതന്മാരും ഉഗ്രശപഥന്മാരും ആവാന്‍ കഴിഞ്ഞെന്നുവരില്ല. അതിനാല്‍ അതിനെ അപരാധമായി മുദ്രകുത്താന്‍ ഒരുമ്പടേണ്ടതില്ല.
വെണ്‍തിങ്കളിന്റെ സൗന്ദര്യത്തിന് അതിലെ പങ്കം കുറവാണോ കൂടുതലാണോ വരുത്തുന്നതെന്ന ചോദ്യം തത്കാലം തര്‍ക്കപ്രിയന്മാര്‍ക്ക് വിട്ടുകൊടുക്കാം.
'ആയില്യം: അറിയേണ്ടതെല്ലാം ' എന്ന എന്റെ പുസ്തകത്തില്‍ കൂടുതല്‍ വിഷയങ്ങളും വിശകലനങ്ങളും വായിക്കാനാവും.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ