ജീവിതത്തിന്റെ പൂരക്കാഴ്ചകള്‍

പൂരം നാളുകാരെക്കുറിച്ച്

ചിങ്ങംരാശിയില്‍ വരുന്ന നക്ഷത്രമാണ് പൂരം. ചിങ്ങംരാശിയുടെയും രാശിനാഥനായ സൂര്യന്റെയും പ്രഭാവം പൂരം നാളുകാരിലുണ്ടാവും. അതേസമയം  നക്ഷത്രനാഥന്‍ ശുക്രനാണ് ; അതിനാല്‍ ശുക്രന്റെ സ്വാധീനവും ഇവരില്‍ കാണാം.  

സിംഹം എന്ന വാക്കുതന്നെയാണ് ചിങ്ങം എന്നായത്. രാശിയുടെ സ്വരൂപം സിംഹത്തിന്റേതാണ്. അധികാരത്തോട് അണഞ്ഞുനില്‍ക്കാന്‍ ഇവര്‍ക്ക് വെമ്പലുണ്ടാവും. അധികാരിയാവുക എന്നത് ഇവര്‍ക്ക് ഒരു ലഹരി തന്നെയാവും. അത് രാഷ്ട്രീയാധികാരം ആവണമെന്നില്ല. മൂന്നോനാലോ അംഗങ്ങള്‍ അടങ്ങിയ സ്വന്തം കുടുംബത്തിന്റെ നാഥനായാലും മതി. 'God of Small Things ' എന്ന അരുന്ധതി റോയിയുടെ നോവല്‍ ശീര്‍ഷകം ഓര്‍മ്മിക്കാം. ഗ്രഹങ്ങളുടെ ചക്രവര്‍ത്തിയായ സൂര്യന്‍ രാശിനാഥനാകയാല്‍ ഈ മനോഭാവം ആഴത്തില്‍വേരോടിയതായിരിക്കും. അധികാരം നടപ്പിലാക്കാനും പ്രദര്‍ശിപ്പിക്കാനും കഴിയുന്ന സന്ദര്‍ഭങ്ങള്‍ ഇവര്‍ ഒരിക്കലും വിട്ടു കളയുകയുമില്ല. സൂര്യന്‍ രാജാവാകയാല്‍ സര്‍ക്കാര്‍ജോലിയ്ക്ക് സാധ്യത കൂടുതലുണ്ട് , ഇവര്‍ക്ക്. ഒരു പദവിയില്‍ എത്തിക്കഴിഞ്ഞാല്‍ സ്ഥാനമാനങ്ങള്‍ പിന്നെയും പൂരം നാളുകാരെ തേടി വന്നുകൊണ്ടിരിക്കും. അതിനായി അവര്‍ പരിശ്രമിക്കുമെന്നതാണ് വാസ്തവം. 

നവരസങ്ങളില്‍ വീരമാണ് സൂര്യന് സങ്കല്പിച്ചിരിക്കുന്നത്. ആകയാല്‍ ഉത്സാഹശീലം കൂടപ്പിറപ്പായിരിക്കും. മടിപിടിച്ചിരിക്കുന്ന പൂരം നാളുകാര്‍ കുറവായിരിക്കും എന്നുതന്നെപറയാം. പലപ്പോഴും വരുംവരായ്കകള്‍ ആലോചിക്കാതെ എന്തിലും എടുത്തുചാടുന്ന വിധത്തില്‍ ഉത്സാഹം ചിലപ്പോള്‍ കരകവിയും. അതിന്റെ പരുക്കുകള്‍ അനുഭവിച്ചാലും പിന്നെയും ഉത്സാഹം ബാക്കിയാണ്.  

സൂര്യന് ആറുമാസം ഉത്തരായനം, ആറുമാസം ദക്ഷിണായനം എന്നിങ്ങനെ രണ്ടുവഴികളുള്ളതുപോലെ പൂരം നാളുകാര്‍ (പൊതുവെ ചിങ്ങക്കൂറുകാര്‍) ഏതു കാര്യത്തിനും രണ്ടുവഴി സ്വീകരിക്കും. ഉത്തരായനം ശ്രേഷ്ഠമാണ് , എന്നാല്‍ അത്രത്തോളം മേന്മ പറയാനില്ല, ദക്ഷിണായനത്തിന്. അതിനാല്‍ പൂരം നാളുകാരുടെ ഒരുവഴി നല്ലതായിരിക്കും. രണ്ടാം വഴിക്ക് ആ മികവുണ്ടാവുകയില്ല. വഴിത്താരയുടെ ഗുണദോഷങ്ങള്‍ അറിഞ്ഞിരുന്നാലും രണ്ടുവഴിയിലൂടെയും സഞ്ചരിക്കേണ്ടിവരികഎന്നത് ഇവരുടെ ജന്മനിയോഗം തന്നെയാണ്.

ശുക്രനാണ് പൂരം നാളിന്റെ അധിപന്‍. അതിനാല്‍ ദേഹസുഖം, ഭൗതികസുഖം എന്നിവയോട് ഇവര്‍ക്ക് വലിയതാത്പര്യം വളരും. ആത്മീയത എന്നത് പൂരം നാളുകാരുടെ ജീവിതനിഘണ്ടുവില്‍ അല്പം നിറംമങ്ങിപ്പോയ ഒരു വാക്കായിരിക്കും. രജോഗുണ പ്രകൃതിയാണ് ശുക്രന്‍. ആ രാജസം പൂരം നാളുകാരിലും വ്യക്തമാണ്. ജീവിതകാമന എന്ന് അതിനെ വ്യാഖ്യാനിക്കാം. സത്വഗുണക്കാരെ അവരുടെ സാത്വികതയില്‍ നിന്നും, തമോഗുണമുള്ളവരെ അവരുടെ താമസശീലത്തില്‍ നിന്നും എളുപ്പമൊന്നും മാറ്റിയെടുക്കാനാവില്ല. എന്നാല്‍ മാറ്റാനും തിരിക്കാനും കഴിയുന്നത് രജോഗുണക്കാരെയാണ്. സാഹചര്യത്തിനനുസരിച്ച് വേഷവും ഭാവവും പകരാന്‍ പൂരം നാളുകാര്‍ക്ക് കഴിയും. 'റോമില്‍ ചെന്നാല്‍ റോമാക്കാരനെപ്പോലെ യാവാന്‍ ' ഒരു കാലതാമസവും പൂരം നാളുകാര്‍ക്കില്ല. ഇതിനെ എന്തുകൊണ്ട് നല്ലശീലമായി കണ്ടുകൂടാ? Flexible എന്ന് പറയുന്ന ഗുണമാണത് , സത്യത്തില്‍...  

ആത്മരതി /  നാഴ്‌സിസം കൂടുതലുണ്ട്, പൂരം നാളുകാരില്‍. കണ്ണാടി കാട്ടിത്തരുന്ന ആത്മ രൂപത്തെ ഇവര്‍ പ്രണയിക്കുകയാണ്. താന്‍തന്നെ മറ്റുള്ളവരെക്കാള്‍ തന്നെ സ്‌നേഹിക്കുന്നു. 'സെല്‍ഫി' എടുക്കാനുള്ള ഒരവസരവും പൂരം നാളുകാര്‍ ഒഴിവാക്കില്ല. 'സെല്‍ഫി ' യിലൂടെ  'സെല്‍ഫിനെ ' വല്ലാതെ  ഇഷ്ടപ്പെടുകയാണ്. കുടുംബത്തെ സ്‌നേഹിക്കുന്നതു പോലെ, നല്ല സാമൂഹിക ജീവിയായിരിക്കവേ തന്നെ , ചിലപ്പോള്‍ ഒരു ടീസ്പൂണ്‍ കൂടുതല്‍ തന്നെത്തന്നെ പ്രേമിക്കുന്നു എന്നു മാത്രം. അതില്‍ ആര്‍ക്കും തെറ്റുപറയാനില്ല.ശുക്രന്റെ പ്രഭാവമാണത്. ഇവയിലൂടെയെല്ലാം  തെളിയുന്നത് പൂരം നാളുകാരുടെ ജീവിതാസക്തിയല്ലാതെ മറ്റൊന്നുമല്ല.

കൂടുതലറിയാന്‍ 'പൂരം: അറിയേണ്ടതെല്ലാം ' എന്ന പുസ്തകം പ്രയോജനപ്പെടും.

പുസ്തകങ്ങള്‍ വാങ്ങാനായി വിളിക്കുകയോ വാട്ട്‌സാപ്പ് അയക്കുകയോ ചെയ്യുക...
ഫോണ്‍:98460 23343

അഭിപ്രായങ്ങള്‍

  1. നമസ്കാരം!

    താങ്കളെക്കൊണ്ട് എന്റെ ജാതകം എഴുതിയ്ക്കാനായി അവനി (ആവണി ?)
    പബ്ലിക്കേഷനസിലേയ്ക്ക് താങ്കളുടെ പേരിൽ ഒരു ഗുരുദക്ഷിണ അയയ്ക്കുന്നു. ഞാൻ
    വിദേശവാസിയാകയാൽ കിട്ടാൻ താമസം നേരിട്ടേക്കാം.

    കൃതജ്ഞത

    ഡികെഎം കർത്താ

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

'പുഷ്ടി നല്‍കുന്ന പൂഷാവ് ....'

ഏഴരശനി അഥവാ ഏഴരയാണ്ട് ശനി